

സാന്തിയാഗോ: തെക്കൻ ചിലിയിൽ കാട്ടുതീ ആളിപ്പടരുന്നതിനെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Chile Wildfires). ഇതുവരെ 18 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കാട്ടുതീ നിയന്ത്രണാതീതമായതോടെ രാജ്യത്തെ നൂബിൾ, ബയോബിയോ എന്നീ മേഖലകളിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത ചൂടും ശക്തമായ കാറ്റും അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്.
ഏകദേശം 20,000-ത്തോളം ആളുകളെ ഇതിനോടകം ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 250-ലേറെ വീടുകൾ പൂർണ്ണമായും നശിച്ചതായി ചിലിയിലെ ദുരന്ത നിവാരണ ഏജൻസിയായ സെനാപ്രെഡ് അറിയിച്ചു. തലസ്ഥാനമായ സാന്തിയാഗോയിൽ നിന്ന് 500 കിലോമീറ്റർ തെക്കുള്ള ഈ മേഖലകളിൽ മാത്രം ഏകദേശം 21,000 ഏക്കറോളം വനഭൂമി കത്തിനശിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ചിലിയിലും അയൽരാജ്യമായ അർജന്റീനയിലും വർഷാരംഭം മുതൽ അനുഭവപ്പെടുന്ന കനത്ത ഉഷ്ണതരംഗമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. പലയിടങ്ങളിലും താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. കാട്ടുതീ അണയ്ക്കാൻ സൈന്യത്തെയും വിമാനങ്ങളെയും വിന്യസിച്ചതായും എല്ലാ വിഭവങ്ങളും ദുരന്തനിവാരണത്തിനായി ഉപയോഗിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ വർഷവും ചിലിയിൽ ഉണ്ടായ കാട്ടുതീയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
At least 18 people have died and 20,000 have been evacuated as massive wildfires ravage the Ñuble and Bío Bío regions of southern Chile. President Gabriel Boric declared a state of catastrophe, deploying all available resources to combat 24 active fires fueled by extreme heat and strong winds. With temperatures hitting 38°C and over 250 homes destroyed, the disaster marks one of the most severe climate-related crises in the region this year.