വാഷിംഗ്ടൺ: സൗരയൂഥത്തിൽ നിന്നും പുറന്തള്ളപ്പെട്ട പ്ലൂട്ടോയെ വീണ്ടും ഒൻപതാം ഗ്രഹമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പത്തുവയസ്സുകാരി നാസയ്ക്ക് അയച്ച കത്ത് വൈറലാകുന്നു (Kid Letter to NASA Pluto Planet). കൈല എന്ന കൊച്ചു പെൺകുട്ടിയാണ് പ്ലൂട്ടോയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി നാസയ്ക്ക് കത്തെഴുതിയത്. അർത്തെമിസ് ദൗത്യങ്ങളുടെ തിരക്കിനിടയിലും നാസ മേധാവി ജാരെഡ് ഐസക്മാൻ ഈ കത്തിന് മറുപടി നൽകിയത് കൗതുകമായി.
“ദയവായി പ്ലൂട്ടോയെ വീണ്ടും ഒരു ഗ്രഹമാക്കൂ” എന്ന് തുടങ്ങുന്ന കത്തിൽ, പ്ലൂട്ടോ നമ്മുടെ സൗരയൂഥത്തിന്റെ ഭാഗമാണെന്നും അത് വീണ്ടും ഗ്രഹമായി മാറുന്നത് തന്നെയും സുഹൃത്തുക്കളെയും ഒരുപാട് സന്തോഷിപ്പിക്കുമെന്നും കൈല കുറിച്ചു. തനിക്ക് പ്ലൂട്ടോയെക്കുറിച്ച് നല്ല അറിവുണ്ടെന്ന് തെളിയിക്കാൻ ചില വസ്തുതകളും കൈല കത്തിൽ ഉൾപ്പെടുത്തി. കൈപ്പർ ബെൽറ്റിലാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നതെന്നും, 1930-ൽ ക്ലൈഡ് ടോംബോഗ് ആണ് ഇത് കണ്ടെത്തിയതെന്നും, പ്ലൂട്ടോയ്ക്ക് അഞ്ച് ഉപഗ്രഹങ്ങളുണ്ടെന്നും കുട്ടി ഓർമ്മിപ്പിച്ചു. അർത്തെമിസ് II, III ദൗത്യങ്ങളുടെ തിരക്കിനിടയിലും “കൈല, ഞങ്ങൾ ഇത് പരിശോധിച്ചുവരികയാണ്” എന്ന് ജാരെഡ് ഐസക്മാൻ മറുപടി നൽകി.
Dear @NASA. From 10 year old Kaela. She is mailing to you today. Too cute not to post. She and her family are friends of ours. #bringplutoback pic.twitter.com/goPIb55iQG
— Mike’s Weather Page (@tropicalupdate) April 9, 2026
Kaela – We are looking into this.
— NASA Administrator Jared Isaacman (@NASAAdmin) April 9, 2026
പ്ലൂട്ടോയുടെ ചരിത്രം
1930-ൽ കണ്ടെത്തപ്പെട്ട പ്ലൂട്ടോയെ 2006-ലാണ് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ‘കുള്ളൻ ഗ്രഹം’ (Dwarf Planet) എന്ന് പുനർനാമകരണം ചെയ്തത്. കൈപ്പർ ബെൽറ്റിലെ സമാനമായ മറ്റ് വസ്തുക്കളേക്കാൾ വലുതാണെങ്കിലും, ഒരു ഗ്രഹമായി പരിഗണിക്കാനുള്ള വലിപ്പം പ്ലൂട്ടോയ്ക്കില്ലെന്ന കണ്ടെത്തലാണ് തരംതാഴ്ത്തലിലേക്ക് നയിച്ചത്. രസകരമായ മറ്റൊരു വസ്തുത, ‘പ്ലൂട്ടോ’ എന്ന പേര് നിർദ്ദേശിച്ചതും 1930-ൽ വെനീഷ്യ ബേർണി എന്ന പതിനൊന്നുകാരിയായിരുന്നു എന്നതാണ്.
Summary: A 10-year-old girl named Kaela has written a touching letter to NASA urging the agency to reinstate Pluto as the ninth planet. She listed various facts about the dwarf planet to showcase her knowledge and expressed how happy it would make her and her friends. Jared Isaacman, the head of NASA, took a moment from the busy Artemis mission schedules to reply, saying, “We are looking into this.” Pluto was demoted to a dwarf planet status in 2006 after the IAU redefined the criteria for planets.

