ജെറുസലേം: ഇസ്രായേലികളെ കൊലപ്പെടുത്തുന്ന കുറ്റത്തിന് പലസ്തീനികൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ നിയമം ഇസ്രായേൽ പാർലമെന്റ് (കെനെസെറ്റ്) പാസാക്കി (Israel Death Penalty Law). അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചാണ് തിങ്കളാഴ്ച ഈ നിയമം പ്രാബല്യത്തിൽ വന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീറിന്റെ നേതൃത്വത്തിൽ നടന്ന നീക്കമാണ് ഈ നിയമനിർമ്മാണത്തിൽ കലാശിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വധശിക്ഷ നടപ്പിലാക്കുന്നത് പ്രതിരോധമായി മാറുമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ നിയമം വിവേചനപരമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ വിചാരണ ചെയ്യുന്ന മിലിട്ടറി കോടതികളിൽ വധശിക്ഷ നിർബന്ധിതമാക്കുന്നതാണ് ഈ നിയമം. ഇസ്രായേൽ പൗരന്മാർക്ക് സമാനമായ കുറ്റകൃത്യങ്ങളിൽ ഇളവ് നൽകാൻ കോടതികൾക്ക് അധികാരമുണ്ടെങ്കിലും പലസ്തീനികളുടെ കാര്യത്തിൽ ഇത് ബാധകമല്ല.
1962-ൽ നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയ ശേഷം ഇസ്രായേലിൽ ഇതുവരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. പുതിയ നിയമപ്രകാരം തൂക്കിലേറ്റലാണ് ശിക്ഷാ രീതിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. നിയമത്തിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ ഇതിനകം തന്നെ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
Summary: Israel’s parliament (Knesset) passed a law on Monday approving the death penalty by hanging for Palestinians convicted of nationalistic killings of Israelis. Prime Minister Benjamin Netanyahu personally voted for the bill, which was heavily pushed by far-right Minister Itamar Ben-Gvir.

