ടെഹ്‌റാൻ: ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഇറാനിൽ 466 പേരെ പോലീസ് അറസ്റ്റ് ചെയ്തു ( Iran Arrests 466 individuals). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ നടപടികളിലൊന്നാണ് ചൊവ്വാഴ്ച നടന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ കുറ്റാരോപണങ്ങളിൽ ആയിരത്തിലധികം പേരെ ഇറാൻ തടവിലാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയവർ, ഇന്റർനെറ്റിലൂടെ സർക്കാർ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർ, ശത്രുരാജ്യങ്ങളുമായി സഹകരിച്ചവർ എന്നിവരാണ് പിടിയിലായവരിലേറെയും. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തെത്തുടർന്നാണ് ഈ കൂട്ട അറസ്റ്റ് നടന്നതെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിനുള്ളിൽ അസ്ഥിരതയുണ്ടാക്കാൻ ശത്രു ശൃംഖലകളുമായി ചേർന്ന് ഇവർ പ്രവർത്തിച്ചതായും അധികൃതർ ആരോപിക്കുന്നു.
യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും ഇറാൻ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.
Summary
Iranian police have arrested 466 individuals for online activities allegedly undermining national security. This sweep, one of the largest since the conflict with the U.S. and Israel began, follows intelligence monitoring of “enemy” networks.

