ബോസ്റ്റൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ‘യു-വിസ’ (U-Visa) കരസ്ഥമാക്കാൻ വേണ്ടി വ്യാജ സായുധ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർ പിടിയിലായി (Indians Arrested USA Staged Robbery). വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മാസച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവർക്കും അന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നവർക്കുമായി അമേരിക്ക നൽകുന്ന പ്രത്യേക വിസയാണ് ‘യു-വിസ’. ഇത് ലഭിക്കുന്നതിനായി പ്രതികൾ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാജ കവർച്ചകൾ സംഘടിപ്പിക്കുകയായിരുന്നു. തങ്ങൾ കവർച്ചയ്ക്ക് ഇരയായവരാണെന്ന് അധികൃതരെ വിശ്വസിപ്പിച്ച് വിസ നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ആറോളം വ്യാജ കവർച്ചകളാണ് ഇവർ നടത്തിയത്. ഒരാൾ തോക്കിന് സമാനമായ വസ്തുവുമായി കടയിൽ കയറി പണം തട്ടിയെടുക്കും. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞുവെന്ന് ഉറപ്പാക്കും. കവർച്ചക്കാരന് രക്ഷപ്പെടാൻ സമയം നൽകുന്നതിനായി അഞ്ച് മിനിറ്റിന് ശേഷം മാത്രമേ പോലീസിനെ വിവരം അറിയിക്കൂ. കവർച്ചയ്ക്ക് ഇരയായവരായി അഭിനയിക്കാൻ ഇവർ പണം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ജിതേന്ദ്രകുമാർ പട്ടേൽ, മഹേഷ്കുമാർ പട്ടേൽ, സഞ്ജയ് കുമാർ പട്ടേൽ, അമിതാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മിതുൽ പട്ടേൽ എന്നിവർ മാസച്യുസെറ്റ്‌സിൽ നിന്നും രമേശ്ഭായ് പട്ടേൽ, റോണക് കുമാർ പട്ടേൽ, സോണൽ പട്ടേൽ, മിങ്കേഷ് പട്ടേൽ എന്നിവർ കെന്റക്കി, മിസൗറി, ഒഹായോ എന്നിവിടങ്ങളിൽ നിന്നുമാണ് പിടിയിലായത്. എഫ്ബിഐയും ഇമിഗ്രേഷൻ വകുപ്പും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും 2,50,000 ഡോളർ പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കാം. നിലവിൽ ഇവർക്കെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും കോടതിയിൽ കുറ്റം തെളിയുന്നത് വരെ ഇവർ നിരപരാധികളായി പരിഗണിക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary
Eleven Indian nationals have been arrested in the United States for allegedly staging fake armed robberies to obtain “U-Visas,” which are reserved for victims of serious crimes. According to federal investigators, the group orchestrated at least six staged robberies at shops and restaurants to portray themselves as crime victims.

