സിംഗപ്പൂർ: റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിനെ ലൈംഗികാതിക്രമ കേസിൽ സിംഗപ്പൂർ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. കുറ്റം സമ്മതിച്ച സാഹചര്യത്തിൽ, പ്രതിക്ക് രണ്ട് വർഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, കരിമ്പിൻ തണ്ട് കൊണ്ട് രണ്ട് അടിയും ശിക്ഷയായി കോടതി വിധിച്ചു.
നോർത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയിൽ ജൂൺ 18-ന് വൈകിട്ട് ഏഴരയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശനെ കാണാനെത്തിയ ഒരാളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. മുത്തശ്ശനെ കാണാനെത്തിയയാൾ മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ നഴ്സും പിന്നാലെ കയറി. പിന്നീട് 'അണുവിമുക്തമാക്കാനെന്ന' വ്യാജേന കൈയ്യിൽ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
ജൂൺ 21-നാണ് സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചതും കേസെടുത്തതും. രണ്ട് ദിവസത്തിന് ശേഷം നഴ്സിനെ അറസ്റ്റ് ചെയ്തു.
ആരോപണം ഉയർന്നപ്പോൾ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഇരയുടെ പേരോ പ്രായമോ ഉൾപ്പെടെയുള്ള യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല.