മോസ്കോ: റഷ്യയിൽ പ്രതിരോധ മേഖലയ്ക്കായി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച ആച്ചി-സു ഗ്രാമത്തിന് സമീപമാണ് കെ.എ.-226 ഹെലികോപ്റ്റർ തകർന്നുവീണത്.(Helicopter carrying senior officials crashes in Russia, 5 dead)
റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കിസ്‌ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററിന് ആകാശത്തുവെച്ച് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതേത്തുടർന്ന് അടിയന്തരമായി നിലത്തിറക്കാൻ ജീവനക്കാർ നിർബന്ധിതരാവുകയായിരുന്നു.
അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യം, കാസ്പിയൻ കടൽത്തീരത്തിനടുത്തുള്ള മണൽപ്പരപ്പിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റർ അപകടകരമായി ചരിയുന്നത് ദൃശ്യങ്ങളിൽ കാണാം.
നിമിഷങ്ങൾക്കുശേഷം, സ്ഥിരത കൈവരിക്കാൻ പാടുപെട്ട് അത് വെള്ളത്തിന് മുകളിൽ താഴ്ന്നു പറന്നു. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ വാൽഭാഗം അടർന്നുപോയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ആഴം കുറഞ്ഞ വെള്ളത്തിന് മുകളിലൂടെ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും, ഉടൻതന്നെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയും വിമാനം ശക്തിയായി വെട്ടിത്തിരിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും, ഒടുവിൽ അത് കരബുഡാഖ്‌കെന്റ് ജില്ലയിലെ ഒരു സ്വകാര്യ വസതിയുടെ മുറ്റത്ത് തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തം 80 ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് വ്യാപിച്ചു. പിന്നീട് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ അണച്ചത്.
മരിച്ചവരിൽ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കെ.ഇ.എം.ഇസഡ്. (KEMZ) കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവർ ഉൾപ്പെടുന്നു. അപകടകാരണത്തെക്കുറിച്ച് റഷ്യൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.