മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികളിൽ രണ്ട് മരണം. പന്ത്രണ്ട് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 18 ഓളം അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി നടത്തിയ വൻ രക്ഷാപ്രവർത്തനത്തിലൂടെ 43 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Heavy rains in Oman, 2 dead, 43 rescued in floods)
മഴവെള്ളം ഉയർന്നതിനെത്തുടർന്ന് വാസസ്ഥലങ്ങളിൽ കുടുങ്ങിപ്പോയവരെയാണ് അതോറിറ്റി ആദ്യം ഒഴിപ്പിച്ചത്. വെള്ളം കയറിയ ഒരു വീട്ടിൽ നിന്ന് 30 പേരെ രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. സൗത്ത് ഷാർഖിയയിൽ വീടുകളിൽ കുടുങ്ങിയ നാല് പേരെയും ഒഴിപ്പിച്ചു. രക്ഷപ്പെടുത്തിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
താഴ്‌വരകളിലും ജലാശയങ്ങളിലും വാഹനങ്ങൾ കുടുങ്ങിയ 14 സംഭവങ്ങളിലാണ് അധികൃതർ ഇടപെട്ടത്. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് ഒമ്പത് പേരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ, രണ്ട് പേർ ഈ അപകടങ്ങളിൽ മരണപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും സന്നദ്ധമാണെന്ന് സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.

