അറ്റ്‌ലാന്റ: ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ മുപ്പത്തിയൊന്നുകാരി അലക്സിയ മൂറിനെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. (Georgia woman faces murder charge after taking abortion pill)
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭഛിദ്രത്തിനായി ‘മിസോപ്രോസ്റ്റോൾ’ എന്ന ഗുളികയും ‘ഓക്സിക്കോഡോൺ’ എന്ന വേദനസംഹാരിയും അമിത അളവിൽ കഴിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു.
കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി ബോധപൂർവ്വം എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര നിയമങ്ങളാണ് യുവതിക്ക് തിരിച്ചടിയായത്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് കണ്ടെത്തിയാൽ ഗർഭഛിദ്രം നിരോധിക്കുന്ന നിയമമാണ് ഇവിടെ നിലവിലുള്ളത്. നിലവിൽ അലക്സിയ മൂറിനെ കാംഡെൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

