ഹാജൻബാക്ക്: കിഴക്കൻ ഫ്രാൻസിലെ ഹാജൻബാക്ക് ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരനെ പിതാവിന്റെ വാനിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 2024 മുതൽ കുട്ടിയെ വാനിനുള്ളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിശക്തമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.(Extreme cruelty, Father locks 9-year-old in van for 2 years in France)
സ്വിറ്റ്സർലൻഡ്-ജർമ്മനി അതിർത്തിക്കടുത്തുള്ള ഗ്രാമത്തിലെ ഒരു വാനിൽ നിന്ന് കുട്ടിയുടെ ശബ്ദം കേൾക്കുന്നതായി അയൽവാസി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാൻ തുറന്ന് പരിശോധിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. മാലിന്യക്കൂമ്പാരത്തിനും വിസർജ്യങ്ങൾക്കും ഇടയിൽ പുതപ്പിനടിയിൽ പൂർണ്ണ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
ദീർഘകാലം വാനിനുള്ളിൽ ഇരുന്ന നിലയിൽ കഴിഞ്ഞതിനാൽ കുട്ടിയുടെ കാലുകൾ തളർന്നു പോയിട്ടുണ്ട്. കുട്ടിക്ക് നിലവിൽ നടക്കാൻ സാധിക്കില്ല. 2024-ന് ശേഷം താൻ കുളിച്ചിട്ടില്ലെന്ന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിതാവിന്റെ പങ്കാളിയുമായി തനിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും തന്നെ പൂട്ടിയിടുകയല്ലാതെ പിതാവിന് മറ്റ് വഴികളില്ലായിരുന്നുവെന്നുമാണ് കുട്ടി വിശ്വസിക്കുന്നത്.
മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കാൻ പങ്കാളി ശ്രമിച്ചതിനാൽ കുട്ടിയെ “സംരക്ഷിക്കാനാണ്” 2024 നവംബറിൽ വാനിലാക്കിയതെന്നാണ് പിതാവ് പറയുന്നത്. എന്നാൽ കുട്ടിക്ക് മുൻപ് മാനസിക പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും പഠനത്തിൽ മിടുക്കനായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനും പിതാവിനെതിരെ കേസെടുത്തു. വാനിനുള്ളിൽ കുട്ടിയുണ്ടെന്ന കാര്യം അറിയില്ലെന്നാണ് പിതാവിന്റെ പങ്കാളി പറയുന്നത്. എന്നാൽ അപകടത്തിലായ പ്രായപൂർത്തിയാകാത്ത കുട്ടിയെ സഹായിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇവർ ജുഡീഷ്യൽ മേൽനോട്ടത്തിലാണ്.

