ബീജിംഗ്: തന്റെ ആറ് മാസം പ്രായമുള്ള സാമോയ്ഡ് ഇനത്തിൽപ്പെട്ട നായയെ ‘ഡോഗ് കിന്റർഗാർഡനിൽ’ ചേർക്കാൻ 1.6 ലക്ഷം രൂപ (12,000 യുവാൻ) ചിലവാക്കിയ ചൈനീസ് യുവതിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു (Dog Kindergarten China). ജോലിക്കിരക്കായതിനാൽ വളർത്തുമൃഗത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിനാലാണ് താവോതാവോ എന്ന യുവതി ഈ ആഡംബര സേവനം തിരഞ്ഞെടുത്തത്.
നായയുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള പേഴ്സണാലിറ്റി ടെസ്റ്റിംഗ്, കുരയ്ക്കുന്നതും ആക്രമണസ്വഭാവവും നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം, സാമൂഹിക ഇടപെടലുകൾക്കുള്ള അവസരം എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ, ദിവസേനയുള്ള പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യവും കൃത്യമായ ആരോഗ്യ പരിശോധനകളും കിന്റർഗാർഡൻ ഉറപ്പാക്കുന്നുണ്ട്. ഉടമകൾക്ക് ഓൺലൈനായി നായയുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും സാധിക്കും. എന്നാൽ ഭക്ഷണത്തിനുള്ള തുക ഇതിന് പുറമെ നൽകണം.
ചൈനയിലെ നഗരങ്ങളിൽ വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇത്തരം സേവനങ്ങൾക്ക് വലിയ ആവശ്യക്കാരാണുള്ളത്. 2028-ഓടെ ചൈനയിലെ വളർത്തുമൃഗ വിപണി 405 ബില്യൺ യുവാൻ കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാർത്തയോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സ്വന്തം കുട്ടികളുടെ പഠനത്തിന് പോലും ഇത്രയും തുക ചിലവാക്കാത്തവർ ഉള്ളപ്പോൾ നായയ്ക്കായി ഇത്രയധികം പണം ചിലവാക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ചിലരുടെ കമന്റുകൾ.

