

ബീജിംഗ്: തായ്‌വാനെ പൂർണ്ണമായും ഉപരോധിക്കുന്നത് ലക്ഷ്യമിട്ട് ചൈന നടത്തിവരുന്ന വൻ സൈനികാഭ്യാസത്തിന്റെ രണ്ടാം ദിനം സംഘർഷഭരിതം. തായ്‌വാൻ ലക്ഷ്യമാക്കി ചൈന റോക്കറ്റുകൾ തൊടുത്തു. ദ്വീപിനെ വടക്കും തെക്കും നിന്ന് വളഞ്ഞ ചൈനീസ് സേന, വിമാനവാഹിനിക്കപ്പലുകൾ, ബോംബർ വിമാനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ചാണ് 'ജസ്റ്റിസ് മിഷൻ 2025' (Justice Mission 2025) എന്ന പേരിലുള്ള ഈ യുദ്ധാഭ്യാസം നടത്തുന്നത്.
അമേരിക്ക തായ്‌വാന് 1,110 കോടി ഡോളറിന്റെ ആയുധങ്ങൾ കൈമാറുമെന്ന് പ്രഖ്യാപിച്ച് 11 ദിവസങ്ങൾക്ക് ശേഷമാണ് ചൈനയുടെ ഈ നീക്കം. തായ്‌വാന്റെ സമുദ്രപരിധിയോട് ചേർന്നുള്ള അഞ്ച് മേഖലകളിലായാണ് ചൈനീസ് സൈന്യം വെടിവെയ്പും മിസൈൽ പരീക്ഷണങ്ങളും നടത്തുന്നത്. അത്യാധുനിക റോബോട്ടിക് നായ്ക്കൾ, ഡ്രോണുകൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ എന്നിവ തായ്‌വാനെ ആക്രമിക്കുന്ന AI വീഡിയോയും ചൈന പുറത്തുവിട്ടു.
തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ ചൈനയുടെ നീക്കത്തെ അപലപിച്ചു. ഒരു ഉത്തരവാദിത്തപ്പെട്ട വൻശക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല ചൈനയുടേതെന്ന് അദ്ദേഹം പറഞ്ഞു. തായ്‌വാൻ സേന കനത്ത ജാഗ്രതയിലാണ്. ചൈനീസ് കപ്പലുകളെ തായ്‌വാൻ കോസ്റ്റ് ഗാർഡ് തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോക വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന തായ്‌വാൻ കടലിടുക്കിലെ ഈ സൈനിക നീക്കം ആഗോള സാമ്പത്തിക മേഖലയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. 2027-ഓടെ തായ്‌വാനെ കീഴടക്കാൻ ചൈന പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
China launched rockets toward Taiwan on the second day of its massive military exercise, "Justice Mission 2025," simulating a complete blockade of the island. The drills, involving amphibious assault ships and bombers, were triggered by a record US arms deal with Taiwan. Beijing's maneuvers have encroached upon Taiwan's territorial waters, prompting President Lai Ching-te to condemn the actions as irresponsible.