

ബീജിംഗ്: ജപ്പാൻ സ്വയം പ്രതിരോധ സേനയുടെ ജോയിന്റ് സ്റ്റാഫിന്റെ മുൻ മേധാവി ഷിഗെരു ഇവാസാക്കിക്കെതിരെ (Shigeru Iwasaki) ഉപരോധം ഏർപ്പെടുത്തിയതായി ചൈന തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഷിഗെരു തായ്‌വാനിലെ വിഘടനവാദ ശക്തികളുമായി "കൂട്ടുകൂടി" എന്ന ആരോപണം ചൈന ഉന്നയിക്കുകയുണ്ടായി. ഇതിന് തൊട്ട് പിന്നാലെയാണ് ഷിഗെരു ഇവാസാക്കിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ, തായ്‌വാൻ സർക്കാരിന്റെ പരമോന്നത ഭരണ സ്ഥാപനമായ എക്‌സിക്യൂട്ടീവ് യുവാന്റെ ഓണററി ഉപദേഷ്ടാവായി ഇവാസാക്കിയെ നിയമിച്ചതിൽ ബീജിംഗ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഇവാസാക്കിക്കെതിരായ "പ്രതിരോധ നടപടികളിൽ" ചൈനയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ ജംഗമ, സ്ഥാവര സ്വത്തുക്കളും മറ്റ് തരത്തിലുള്ള സ്വത്തുക്കളും മരവിപ്പിക്കൽ ഉൾപ്പെടുന്നുവെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയിലുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇവാസകിയുമായി ഇടപാടുകൾ, സഹകരണം എന്നിവ നടത്താൻ കഴിയില്ല. കൂടാതെ, ചൈന, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തിന് വിസ നൽകുകയോ പ്രവേശനം അനുവദിക്കുകയോ ഇല്ല. ചൈനയുടെ വിദേശ ഉപരോധ വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഈ നടപടി.
ചൈന തായ്‌വാനെ സ്വന്തം പ്രവിശ്യയായി കണക്കാക്കുന്നു. തായ്‌വാൻ കാബിനറ്റിൻ്റെ രാഷ്ട്രീയകാര്യ കൺസൾട്ടൻ്റായും ഇവാസകി പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ 2014 വരെ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സിൻ്റെ ജോയിൻ്റ് സ്റ്റാഫ് മേധാവിയായിരുന്നു ഇദ്ദേഹം. തായ്‌വാൻ കടലിടുക്കിൽ സംഘർഷമുണ്ടായാൽ ജപ്പാൻ സൈന്യത്തെ വിന്യസിക്കുമെന്ന ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നവംബർ 7-ലെ പ്രസ്താവനയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.
China imposed sanctions on Shigeru Iwasaki, former chief of the Joint Staff of the Japan Self-Defence Forces, accusing him of "colluding with separatist forces" in Taiwan. The countermeasures include freezing all his assets within China and prohibiting Chinese entities and individuals from engaging in any transactions or cooperation with him. China will also deny him entry to the mainland, Hong Kong, and Macau. This move follows the appointment of Iwasaki as an honorary adviser to Taiwan's government earlier this year.