മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഓസ്ട്രേലിയ കൊണ്ടുവന്ന ലോകത്തെ ആദ്യത്തെ കർശന നിയമം പ്രമുഖ കമ്പനികൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട് (Australia Social Media Ban). ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയയുടെ ഓൺലൈൻ സുരക്ഷാ വാച്ച്ഡോഗായ ‘ഇസേഫ്റ്റി’.
കഴിഞ്ഞ ഡിസംബർ 10-നാണ് ഓസ്ട്രേലിയയിൽ ഈ നിയമം നിലവിൽ വന്നത്. നിയമം വന്നതിന് ശേഷം ഏകദേശം 50 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തെങ്കിലും, ഇപ്പോഴും ലക്ഷക്കണക്കിന് കുട്ടികൾ പ്രായം തെറ്റായി രേഖപ്പെടുത്തിയും മറ്റും ഈ പ്ലാറ്റ്ഫോമുകളിൽ സജീവമാണെന്ന് ഇസേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നിയമം നടപ്പിലാക്കുന്നതിൽ ഈ കമ്പനികൾ ബോധപൂർവ്വം വീഴ്ച വരുത്തുന്നുവെന്നും അവർ ആരോപിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 4.95 കോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ കോടതിക്ക് അധികാരമുണ്ട്. പ്രായം പരിശോധിക്കുന്ന സംവിധാനങ്ങളിൽ കൃത്രിമം കാണിക്കാൻ പ്ലാറ്റ്ഫോമുകൾ തന്നെ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുവെന്നും പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കാൻ പരിധിയില്ലാത്ത അവസരം നൽകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം പകുതിയോടെ കമ്പനികൾക്കെതിരെ ഔദ്യോഗികമായി കോടതി നടപടികൾ ആരംഭിച്ചേക്കും. ഈ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നുവെന്നും ആരോപിച്ച് ‘റെഡിറ്റ്’ ഓസ്ട്രേലിയൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ഈ മാതൃക പിന്തുടർന്ന് മറ്റ് രാജ്യങ്ങളും സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ, കമ്പനികൾ ഈ നിയമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഓസ്ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി ആനിക വെൽസ് പറഞ്ഞു. അതേസമയം, ഓൺലൈനിൽ പ്രായം കൃത്യമായി കണ്ടെത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണെന്നാണ് മെറ്റ ഉൾപ്പെടെയുള്ള കമ്പനികളുടെ വാദം.
Summary: Australia’s online safety watchdog, eSafety, is considering legal action against Meta (Facebook, Instagram), Snapchat, TikTok, and YouTube for failing to adequately enforce the country’s social media ban for children under 16.

