ടെഹ്‌റാൻ: ഇറാന്റെ സുരക്ഷാനയങ്ങളുടെ ശില്പിയും പരമോന്നത സുരക്ഷാ കൗൺസിൽ മേധാവിയുമായ അലി ലാറിജാനിയെ ഇസ്രയേൽ വധിച്ചത് മകളുടെ വീട് സന്ദർശിക്കുന്നതിനിടെയെന്ന് റിപ്പോർട്ട് (Ali Larijani killed Tehran). ടെഹ്‌റാനിന്റെ പ്രാന്തപ്രദേശമായ പർദീസിലെ മകളുടെ വീട്ടിൽ ലാറിജാനി എത്തിയ വിവരം പ്രദേശവാസികളിൽ നിന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്ന് ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ നടന്ന ഖുദ്‌സ് ദിന റാലിയിലടക്കം ലാറിജാനി പങ്കെടുത്തതോടെ നാട്ടുകാർക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ എളുപ്പമായി. താമസക്കാരിൽ നിന്ന് ലഭിച്ച ‘വിലപ്പെട്ട രഹസ്യവിവര’മാണ് കൃത്യമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രയേലി ഏജൻസികളെ വെട്ടിച്ച് വിവിധ ഇടങ്ങളിലായി ഒളിത്താവളങ്ങൾ മാറിമാറി കഴിയുകയായിരുന്നു ലാറിജാനി. മുൻപ് പലതവണ അദ്ദേഹം കഴിഞ്ഞിരുന്ന കേന്ദ്രങ്ങളിൽ ഇസ്രയേലി സംഘമെത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം അവിടം വിട്ടിരുന്നു.
ചൊവ്വാഴ്ച പർദീസിലെ മകളുടെ വീട്ടിൽ ലാറിജാനി ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു മിസൈൽ ആക്രമണം. ലാറിജാനിക്ക് പുറമെ അദ്ദേഹത്തിന്റെ മകനും കീഴുദ്യോഗസ്ഥനും ഒട്ടേറെ അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് വിവരം. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് ശേഷം ഇസ്രയേലിന്റെ ‘നമ്പർ വൺ ടാർഗറ്റ്’ ആയിരുന്നു അലി ലാറിജാനി. ഇറാന്റെ ഭരണനേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ മരണം രാജ്യത്തിന്റെ രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്.
ഇസ്രയേലിന്റെ ഈ നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇറാന്റെ പ്രതികാരം ഇസ്രയേലിന് ഖേദകരമായിരിക്കുമെന്ന് സൈനിക മേധാവി അമീർ ഹത്താമി പ്രസ്താവിച്ചു. മേഖലയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.
Story Summary:
Iran’s National Security Council chief Ali Larijani was killed in an Israeli airstrike while visiting his daughter’s house in Pardis, near Tehran. Reports suggest that Israeli intelligence tracked him down using “valuable tips” from local residents who recognized him from recent public appearances like the Quds Day rally. Larijani, who had been shifting hideouts for weeks to evade Mossad, was considered Israel’s top target following the death of Ali Khamenei. Iran has vowed a severe retaliation, with military leaders warning that Israel will regret this action.

