
ലഖ്‌നൗ: ഉത്തർപ്രദേശിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 ഡോക്ടർമാരടക്കം 6 പേർ മരിച്ചു (UP Accident). ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡ് ബാരിയറിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആ വഴി വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന 5 ഡോക്ടർമാരുൾപ്പെടെ 6 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരെല്ലാം സായിബായി പ്രദേശത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരായിരുന്നു. ലഖ്‌നൗവിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.