തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ പങ്കുചേരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.(Protests against central policies, National strike from midnight today)
കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നതാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. നാല് പുതിയ തൊഴിൽ കോഡുകൾ റദ്ദാക്കുക, വിവാദമായ ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ എന്നിവ പിൻവലിക്കുക, SHANTI ആക്ട് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കിൽ സഹകരിക്കുന്നതിനാൽ റോഡ് ഗതാഗതം സ്തംഭിക്കും. ഭൂരിഭാഗം ബാങ്ക് ജീവനക്കാരും സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഈ സേവനങ്ങളെയും ബാധിക്കും. പൊതുജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികൾ, ആംബുലൻസുകൾ, മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം, പത്രവിതരണം, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എന്നിവയാണിവ.



