ലാഹോർ: 2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉന്നയിച്ച നഷ്ടപരിഹാര ആവശ്യം ഐസിസി തള്ളി (PCB demands compensation for Bangladesh). ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി, പിസിബി, ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്) പ്രതിനിധികൾ നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ബംഗ്ലാദേശിന് പ്രത്യേകം നഷ്ടപരിഹാരം നൽകാനാവില്ലെന്നും എന്നാൽ ഐസിസിയുടെ വരുമാനത്തിൽ നിന്നുള്ള അവരുടെ കൃത്യമായ വിഹിതം ഉറപ്പായും നൽകുമെന്നും കൗൺസിൽ അറിയിച്ചു.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ ചർച്ചകൾ നടന്നത്. ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചും അവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചത്. ഇന്ത്യയിൽ കളിക്കാനുള്ള സുരക്ഷാ ഭീതിയെത്തുടർന്ന് ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി ഇത് അംഗീകരിക്കാത്തതിനെത്തുടർന്ന് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയും പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കുന്നത് ക്രിക്കറ്റിന് ഗുണകരമല്ലെന്നും പാകിസ്ഥാൻ ഈ നിലപാടിൽ നിന്ന് പിന്മാറണമെന്നും ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ ആവശ്യപ്പെട്ടു. ഐസിസിയുമായുള്ള കരാർ ലംഘിച്ചാൽ പാകിസ്ഥാൻ വൻ തുക പിഴയായി നൽകേണ്ടി വരുമെന്നും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. പാകിസ്ഥാൻ ഈ മത്സരത്തിൽ നിന്ന് പിന്മാറിയാൽ ഏകദേശം 250 ദശലക്ഷം ഡോളറിന്റെ (ഏകദേശം 2000 കോടി രൂപ) വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ, അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഇന്ന് പാക് പ്രധാനമന്ത്രിയെ കണ്ട് വീണ്ടും ചർച്ച നടത്തും.
Summary: The ICC has rejected Pakistan’s demand for compensation for Bangladesh following their exclusion from the 2026 T20 World Cup. In a high-level meeting in Lahore, the ICC clarified that while no extra compensation will be given, Bangladesh will receive its full share of ICC earnings, even as Pakistan reconsiders its boycott of the high-profile match against India.



