

ജറുസലം: ഗസ്സയിലെ ആക്രമണം വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ.ഉത്തര ഗസ്സയിലെ പട്ടണങ്ങളായ ബൈത് ഹാനൂൻ, ബൈത് ലാഹിയ, ജബലിയ അഭയാർഥി ക്യാമ്പ് എന്നിവ ഇസ്രായേൽ സൈന്യം അടക്കുകയും സഹായ വിതരണം പൂർണമായും വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് യാലോണിന്റെ പ്രതികരണം. ഇസ്രായേലിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ കടുത്ത വിമർശകൻകൂടിയായ യാലോണിന്റെ വെളിപ്പെടുത്തൽ.
ഗസ്സയിൽ അധിനിവേശം നടത്താനും വംശീയ ഉന്മൂലനത്തിലൂടെ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനും തീവ്ര വലതുപക്ഷ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ബൈത് ലാഹിയ ഇപ്പോൾ ഇല്ല, ബൈത് ഹാനൂനും ഇല്ല. ഗസ്സയിലെ ഇസ്രായേൽ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇസ്രായേൽ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ യാലോൺ കൂട്ടിച്ചേർത്തു.