സംഗറെഡ്ഡി: തെലങ്കാനയിലെ കൊല്ലൂരിലുള്ള സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിസ്സാര തർക്കത്തെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ സഹപ്രവർത്തകൻ അടിച്ചു കൊന്നു (Telangana Watchman Murder Case). സഹപ്രവർത്തകന്റെ ഭക്ഷണപ്പാത്രത്തിൽ കൈ കഴുകിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 28 വയസ്സുകാരനായ ശ്യാം പാഞ്ചാലാണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ അതുൽ സാഹ്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് വാച്ച്മാൻ ക്വാർട്ടേഴ്സിൽ ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്.
ജനുവരി 19-ന് ശ്യാമും അതുലും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതുലിന്റെ പാത്രത്തിൽ ശ്യാം കൈ കഴുകിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ അതുൽ ശ്യാമിന്റെ തലയിൽ കഠിനമായി അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് പോലീസ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തതായും കൃത്യത്തിന് ഉപയോഗിച്ച വസ്തുക്കളും മറ്റ് തെളിവുകളും ശേഖരിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിസ്സാരമായ ഒരു കാരണത്തിന്റെ പേരിൽ നടന്ന ഈ കൊലപാതകം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
A 28-year-old security guard named Shyam Panchal was allegedly murdered by his colleague, Atul Sahani, following a trivial dispute in Telangana’s Kollur. The argument reportedly broke out while they were having breakfast, after Panchal washed his hands in Sahani’s plate. The conflict escalated, and Sahani struck Panchal on the head, causing him to collapse and die on the spot. Police have registered a murder case and are currently investigating the motive and the sequence of events.



