
"എന്താ തങ്കച്ചീ നിന്റെ മുഖത്തൊരു വല്ലാത്ത തെളിച്ചം? നാളെ വിഷു ആയോണ്ടാണോ?"
ശരണാലയത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം വരാന്തയിൽ കൊച്ചുവർത്തമാനത്തിരുന്നപ്പോഴാണ് മണിയമ്മയുടെ ചോദ്യം. തങ്കച്ചിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു.
"വിഷുതന്നെയാണ് കാര്യം... അവൻ വരും... ന്റെ കൊച്ചുമോൻ... വിഷ്ണുനാരായണൻ..."
"ആഹാ... അപ്പോ കോളാണല്ലോ... ഒത്തിരി കാശാണിപ്പോഴല്ലേ... തങ്കച്ചിയെന്തായാലും കോളടിച്ചു..."
"പോ.. പെണ്ണേ ഒന്ന്... കോളൊന്നുമല്ല. അവൻ വരുമ്പോൾ എന്തായാലും ഇത്തിരി കാശുതരും. മ്മടെ മണിക്കുട്ടിയ്ക്ക് ഒരു പൊട്ടുകമ്മൽ വാങ്ങിക്കൊടുക്കാമെന്ന് ഞാനേറ്റതാ... പെൻഷൻ കാശു പോലും ഇപ്പോൾ കിട്ടാത്തോണ്ട് വേറെ എവിടുന്നു കിട്ടാനാ..."
"അതേതായാലും നല്ലതാ... അച്ഛനും അമ്മയുമില്ലാത്ത കുട്ടിയല്ലേ... ഈ അനാഥാലയത്തിൽ ഒത്തിരിപ്പേരുണ്ടെങ്കിലും അവളുടെ കിലുക്കോം പാട്ടുമാണ് രസം.. ആട്ടെ... കൊച്ചുമോൻ എപ്പോ വരും.. വരുമല്ലോ അല്ലേ?"
"വരും.. എനിക്കുറപ്പാ... അവന് എന്നെ കാണാതെ പറ്റില്ല. ഇന്നലെ പത്രത്തിൽ ഫോട്ടോ ഉണ്ടായിരുന്നു. അവൻ പഠിച്ച സ്കൂളിന് കമ്പ്യൂട്ടർ നൽകുന്നത്. പിന്നെ വായനശാലയ്ക്ക് ടി.വി... കൃഷ്ണനമ്പലത്തിലേക്ക് ഏതാണ്ടൊക്കെ പണിഞ്ഞും കൊടുക്കുന്നു. ഓരോ തവണയും വരുമ്പോൾ ലക്ഷങ്ങളാ ചിലവഴിക്കുന്നേ.. ഞാനിവിടെയായിട്ട് ആദ്യമല്ലേ വരവ്.. വരും..."
രാത്രി വൈകിയിട്ടും തങ്കച്ചിയ്ക്ക് ഉറക്കം വന്നില്ല. ന്റെ കൊച്ചുമോൻ.. പതിനായിരം രൂപയെങ്കിലും തരും.. മണിക്കുട്ടിക്ക് കമ്മൽ... അങ്ങിനെ ഓർക്കാൻ സുഖമുള്ളത് ഓർത്തോർത്ത് കിടന്നപ്പോൾ കണ്ണിൽ മയക്കം വന്നില്ല. പുലർച്ചെയെങ്ങാണ്ടാണ് മയങ്ങിയത്. അപ്പോഴേക്കും വിഷുക്കണി കാണാനുള്ള തിരക്കും ബഹളവും... കണ്ടു, കൺനിറയെ കായാമ്പൂ വർണനെ.. കൊന്നപ്പൂവും നിലവിളക്കും കുറേ പഴങ്ങളുമൊക്കെ കണ്ടു. എന്നിട്ടും വഴിക്കണ്ണു പായിച്ചു.
പത്ത് മണിയോടെയാണ് വിഷ്ണുനാരായണന്റെ കാർ വന്നു നിന്നത്. തങ്കച്ചി ഒളിച്ചു നിന്നു. ഇപ്പോൾ വരും.. ഇപ്പോൾ വരും... പണ്ടെന്തുമാത്രം എടുത്തോട് നടന്നതാ... ഒളിച്ചു കളിച്ചതാ... വിഷുക്കണിയൊരുക്കിയതാ...കൊന്നപ്പൂ പറിച്ചതാ..
വിഷു ആഘോഷം തുടങ്ങി. വിഷ്ണു നാരായണൻ നേരെ വേദിയിലേക്ക്... വിളക്കുകൊളുത്തൽ, പ്രസംഗം, ആദരിക്കൽ... തങ്കച്ചിയ്ക്ക് വല്ലാത്ത അഭിമാനം തോന്നി. അവൻ നന്നായി പ്രസംഗിക്കാൻ പഠിച്ചിരിക്കുന്നു. വർത്തമാനത്തിൽ മുഴുക്കെ കാരുണ്യം... അടുത്തിരുന്നവരൊക്കെ തങ്കച്ചിയെ നോക്കി പുഞ്ചിരിച്ചു. ചിലർ തൊഴുതു... പുണ്യം ചെയ്ത ജന്മമാണ് തന്റേതെന്ന് തങ്കച്ചിയോർത്തു.
വേദിയിൽ വച്ചു തന്നെ വിഷ്ണു നാരായണൻ വിഷു സമ്മാനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ശരണാലയം ചെയർമാന് കൈമാറി. തങ്കച്ചിയുടെ കണ്ണിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു. ഇനി എനിക്ക് കൈനീട്ടം തരാൻ ഓടിയെത്തുമവൻ...
വേദിയിൽ നിന്നും ഇറങ്ങിയ വിഷ്ണു നാരായണൻ കാറിന് അടുത്തേക്ക് നടന്നു നീങ്ങിയതോടെ തങ്കച്ചിയ്ക്ക് നിയന്ത്രണം വിട്ടു. ഓടി അടുത്തേക്ക് ചെന്നു..
"ആഹാ... അമ്മച്ചിയമ്മ... ഇവിടുണ്ടല്ലേ... ഞാനങ്ങ് മറന്നു... സുഖായിരിക്കുന്നോ?..."
"മ്... സുഖം..."
"ശരിയെന്നാ..."
"ഒന്നും തന്നില്ലേലും നീ വന്നല്ലോ..." തങ്കച്ചിയുടെ ശബ്ദം ഇടറി.
കാർ ശരണാലയത്തിന്റെ കവാടം കടന്നുപോയപ്പോഴേക്കും മണിക്കുട്ടി തന്നെ നോക്കി നിൽക്കുന്നത് തങ്കച്ചി കണ്ടു. നിയന്ത്രണം വിട്ടൊരു പൊട്ടിക്കരച്ചിലിന് അത് വഴിയൊരുക്കി... രാവിലെ കൈനീട്ടം കിട്ടിയ അഞ്ച് രൂപയുടെ നാണയത്തുട്ട് അപ്പോഴും അവരുടെ കൈവെള്ളയിൽ ഉണ്ടായിരുന്നു.
----------------------------------------------
കോട്ടാത്തല ശ്രീകുമാർ
കൊല്ലം