
പെണ്ണ് പുരപ്പുറത്തു കേറി നിന്നു,
അമ്മേ, കൈയ്യിൽ കറുനിറ ടാറ്റൂ വേണം.
പെണ്ണ് കഴുക്കോലിൽ താങ്ങി നിന്നു,
അമ്മേ കൈയ്യിൽ കറുനിറ ടാറ്റൂ വേണം.
പെണ്ണ് പട്ടിണി രുചിച്ചു നോക്കി,
അമ്മേ കൈയ്യിൽ കറുനിറ ടാറ്റൂ വേണം.
പെണ്ണ് കതകടച്ച് നിലവിളിച്ചു,
അമ്മേ കൈയ്യിൽ കറുനിറ ടാറ്റൂ വേണം.
ഇൻസ്റ്റാഗ്രാമിൽ ടാറ്റൂ കണ്ടു,
യൂട്യൂബിൽ ടാറ്റൂ കണ്ടു,
എല്ലാരും തൊലിയിൽ മെഴുകണ ടാറ്റൂ വേണം
ഒടുവിൽ,
പെണ്ണ് മരക്കൊമ്പിൽ തൂങ്ങി നിന്നു.
അമ്മേ കൈയ്യിൽ കറുനിറ ടാറ്റൂ വേണം.
അമ്മ മുത്തി പറഞ്ഞു:
കണ്ണ് കലങ്ങി, നിലതെറ്റി വീണു,
പെണ്ണിന്റെ നെറ്റിയിൽ തലോടി,
'ചിതയിൽ എരിയുമ്പോൾ
കറുനിറമാകും പൊന്നേ...'
-------------------------------------------
അശ്വതി രാജേന്ദ്രൻ
തിരുവനന്തപുരം