
എന്തിനാണ് പാറക്കല്ലിൽ തട്ടി
നദി വഴി മാറിയൊഴുകിയത്?
ഹൃദയത്തിന്റെ ചാല് കോരി
നീന്തിയ മീനുകൾ വലയിൽ
കുടുങ്ങാതിരിക്കാൻ!
എന്തിനാണ് സമതലത്തിലൂടെ
ഒഴുകി ഒഴുകി ഉറവ വലിഞ്ഞത്?
ഉരുളൻ വെള്ളാരംകല്ലുകൾക്ക്
വെയിൽ കൊള്ളാൻ,
ആകാശം കാണാൻ!..
എന്നിട്ടോ?
എന്നിട്ടും, ഉപ്പേറ്റ് മുറിവ് കരിഞ്ഞന്ന്...
അടയാളമില്ലാതെ നദി പേരായെന്ന്...
കടലിലേക്കൊഴുക്ക് നിലച്ച നാൾ
നീല ഞരമ്പ് മുറിഞ്ഞ് തന്റെ
സ്നേഹം വറ്റി പോയെന്ന്!
---------------------------------
ദേവിക ടി.സി
തൃശ്ശൂർ