
സുഗുണൻ കാക്കയ്ക്ക് ഒരാഗ്രഹം. പറന്ന് പറന്ന് ലോകം മുഴുവൻ കാണണം. കൂട്ടുകാരോടൊക്കെ അഭിപ്രായം ചോദിച്ചു. കുറച്ചുപേർ നിരുത്സാഹപ്പെടുത്തി. വരുംവരായ്കകളെ പറ്റി പറഞ്ഞു. തീരുമാനത്തിൽ നിന്നും ലവലേശം മാറ്റം വരുത്താൻ സുഗുണൻ കാക്ക തയ്യാറായില്ല. മുഹൂർത്തം നോക്കി, തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുകളിൽ നിന്ന് ലോക സഞ്ചാരത്തിനായി ചിറകടിച്ചു.
ഓരോ ദേശത്തിനും വൈവിദ്ധ്യങ്ങളുണ്ടന്ന് സുഗുണൻ കാക്ക മനസിലാക്കി. അവിടുത്തെ രുചിയറിഞ്ഞു. ചൂടും തണുപ്പും ജീവിത രീതികളുമറിഞ്ഞു. അവസാനമാണ് പാകിസ്താൻ അതിർത്തി കടന്നത്. തോക്കുമായി നിൽക്കുന്നവരൊന്നും സുഗുണനെ കണ്ട മട്ടില്ല. തിരിച്ച് തിരുവനന്തപുരത്തെത്തുമ്പോൾ എന്താണ് പാകിസ്താനിൽ പോയതിന് തെളിവ് നൽകുക? രുചിപ്പെരുമയുള്ള ഒരു സിന്ധ്രി മാമ്പഴം കൊത്തിയെടുത്തു. വലുത് ഉണ്ടെങ്കിലും ചെറുത് ആയാലേ കൊണ്ടുപോകാൻ കഴിയു. സിന്ധ്രി മാമ്പഴവുമായി തിരികെ പറക്കുന്നത് ആയാസകരമായിരുന്നു.
ബോർഡർ കടന്നു. പിന്നെയും ചിറക് വീശിപ്പറന്നു. ഇടയ്ക്ക് സിന്ധ്രി സുരക്ഷിത സ്ഥലത്തുവച്ചിട്ട് വേറെ ഭക്ഷണം കഴിച്ചു. യാത്ര പിന്നെയും തുടർന്നു. തമിഴ് നാടിന്റെ അതിർത്തി പിന്നിട്ടു. ദാ തന്റെ നാടിന്റെ കാഴ്ചകൾ തെളിയുന്നു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ... അങ്ങിനെ നീണ്ടുപോയ ലോക സഞ്ചാരം ഇന്ന് അവസാനിക്കുകയാണ്. ഇന്ന് സുഗുണൻ കാക്കയെത്തുമെന്ന് നാടറിഞ്ഞിട്ടില്ല. ഇനി ഗംഭീര സ്വീകരണമൊക്കെയുണ്ടാകും. മനസിൽ ലഡുപൊട്ടി. ഞെട്ട് അടർന്നുപോകാതെ സിന്ധ്രി ചുണ്ടിൽ ഭദ്രമാണ്. ഇടയ്ക്ക് താഴേക്കൊന്ന് നോക്കിയതും അറിയാതെ വായ തുറന്നുപോയി. ദാ പിടിവിട്ട് സിന്ധ്രി താഴേക്ക്.
"അയ്യോ...'
ഇത്രയും ദൂരം കൊണ്ടുവന്ന മാമ്പഴം ദാ താഴേക്ക്. താഴെയെത്തിയതും സിന്ധ്രി പൊട്ടിചിതറി. സങ്കടത്തോടെ ഏറെ നേരം ഇരുന്നിട്ട് സുഗുണൻ കാക്ക മനസില്ലാ മനസോടെ പറന്നു. ഒന്നും കൊണ്ടുവന്നില്ലെങ്കിലും ആ ലോക യാത്ര വലിയ ചർച്ചയായി. സ്വീകരണമൊക്കെ മുറപോലെ നടന്നു. കുറേനാൾ കഴിഞ്ഞ് സുഗുണൻ തന്റെ മോഹങ്ങൾ പൊട്ടിച്ചിതറിയ ആ സ്ഥലത്തേക്ക് വീണ്ടുമെത്തി. അവിടെ കണ്ട കാഴ്ച ആ ഉള്ളം കുളിർപ്പിച്ചു. സിന്ധ്രിയുടെ മാങ്ങാണ്ടി, പൊട്ടിക്കിളിച്ച് ലക്ഷണമൊത്ത ഒരു തൈയായി തലയുയർത്തിയിരിക്കുന്നു.
സിന്ധ്രിയുടെ തൈ വളർന്നു. വേരുകൾ മണ്ണിൽ ആഴ്ന്നു. ചുറ്റുവട്ടത്തെ മറ്റ് മരങ്ങളുടെയും ചെടികളുടെയും വേരുകളുമായി കൂട്ടുകൂടി, കെട്ടിപ്പുണർന്നു. അതിനൊപ്പം സിന്ധ്രി മാവ് വളർന്നു. സുഗണൻ കാക്കയ്ക്ക് അഭിമാനം! താൻ കൊണ്ടുവന്ന മാമ്പഴം ദാ വളർന്ന് പന്തലിച്ചു. അതിൽ പൂക്കൾ വിരിഞ്ഞു. കായ്ചു, മാമ്പഴമായി. വാർദ്ധക്യത്തിന്റെ അവശതയിലും സുഗുണൻ കാക്ക ആ മാവിലെത്തി ഒരു കൂടുവച്ചു. കേരളത്തിന്റെ സിന്ധ്രി മാമ്പഴം മതിവരുവോളം കഴിച്ചു. മാങ്ങയണ്ടികൾ താഴെ വീണ് വീണ്ടും കിളിർത്തു. വളർന്നു. നാടാകെ മാമ്പഴ സുഗന്ധം പരന്നു. അപ്പോൾ അധികാരികളെത്തി പറഞ്ഞു.
"ഈ സിന്ധ്രി പാകിസ്താന്റെയാണ്... ഇവിടെ വളരാൻ പറ്റില്ല. ഈ മണ്ണിൽ അവർക്ക് അവകാശമില്ല. പലായനം ചെയ്തേ പറ്റൂ..."
-------------------------------------------
കോട്ടാത്തല ശ്രീകുമാർ
കൊല്ലം