ഒരു പുത്തൻ വൈബ്(കഥ)-മേരി ജോസി മലയിൽ

story
Published on

ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ തൻറെ വരവ് കഴിഞ്ഞ ഒരു വർഷമായി ഊണിലും ഉറക്കത്തിലും തന്നോടൊപ്പമുണ്ടായിരുന്ന ലല്ലു മോളെ തിരിച്ചേൽപ്പിക്കാൻ ആയിട്ടുള്ള നിയോഗവും ആയിട്ടായിരുന്നു. ഏക മകൾ വിവാഹിതയായി മരുമകനോടൊപ്പം മൂന്നാലു വർഷം മുമ്പ് ദുബായിലേക്ക് പോയപ്പോൾ അത്രയൊന്നും ദുഃഖം തോന്നിയിരുന്നില്ല. അവൾ ദുബായിൽ ഉയർന്ന ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയിരുന്നു. പിന്നെ അവളുടെ പ്രസവം ഒക്കെ കഴിഞ്ഞപ്പോൾ മകൾ ജോലി ഉപേക്ഷിച്ചു. കുഞ്ഞിന് രണ്ടര വയസ്സായപ്പോൾ അപ്രതീക്ഷിതമായി അവൾക്കു നല്ലൊരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ “കുഞ്ഞിനെ നാട്ടിൽ കൊണ്ടാക്ക് നിന്റെ കുഞ്ഞിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. വെറുതെ ജോലിക്കാരുടെ കയ്യിൽ ഒന്നും കുഞ്ഞിനെ ഏൽപ്പിക്കേണ്ട. “ എന്ന് പറഞ്ഞത് താനായിരുന്നു. അതനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി ലല്ലു തന്റെയും ലൂക്കോച്ചന്റെയും ജീവിതത്തിൻറെ ഒരു ഭാഗം തന്നെ ആയിരുന്നു.

ഒന്നു രണ്ടാഴ്ചയ്ക്കകം അവൾ അമ്മയെയും അപ്പയേയും ഒക്കെ മറന്നു. ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്ന് അടുക്കള തൊടിയിലും മുറ്റത്തും ഓടി നടന്ന അവളുടെ പുറകെ നടന്ന് തങ്ങൾക്ക് രണ്ടുപേർക്കും ഒറ്റയടിക്ക് പത്തു വയസ്സ് കുറഞ്ഞത് പോലെ ആയിരുന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഓടിയോടി പോയി.

"ലല്ലു മോൾക്ക് ദുബായ് സ്കൂളിൽ അഡ്മിഷൻ എടുത്തു. അമ്മയും ലല്ലുമോളും കൂടി സ്കൂൾ തുറക്കുന്നതിനു ഒരാഴ്ചമുമ്പ് ദുബായിക്ക് വരണം. വിസയും ടിക്കറ്റും എല്ലാം അയച്ചിട്ടുണ്ട്" - എന്ന് മകൾ വിളിച്ചു പറഞ്ഞപ്പോൾ ആദ്യം സൂസിക്ക് തല ചുറ്റുന്നത് പോലെ തോന്നി.പിന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആയി. ലല്ലുവിനെ മോളെയും മരുമകനെയും ഏൽപ്പിച്ച് രണ്ടാഴ്ച കൂടി അവിടെ നിന്ന് അവളുടെ ആദ്യത്തെ ദിവസത്തെ സ്കൂൾ പോക്ക് കൂടി കണ്ട് സൂസി നാട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു.

സൂസി-ലൂക്കോച്ചൻ ദമ്പതികൾക്ക് ഒരു മോനും മോളും ആണുള്ളത്. മോളുടെ കല്യാണം 22 വയസ്സായപ്പോൾ തന്നെ നടത്തി. മകന് വയസ്സ് 29 ആയി. രണ്ടുവർഷമായി എല്ലാ മാട്രിമോണിയൽ സൈററിലും പരസ്യം ചെയ്ത് വിവാഹം ആലോചിക്കുന്നു. മോന് പ്രമുഖ ഐടി കമ്പനിയിൽ ബാംഗ്ലൂരിൽ ഉയർന്ന ശമ്പളമുള്ള ജോലിയുണ്ട്. കാണാനും സുന്ദരൻ. കല്യാണം മാത്രം ഒന്നും ഒത്തു വരുന്നില്ല. നാട്ടിലും ജോലിസ്ഥലത്തും ഒക്കെ തകൃതിയായി പെണ്ണുകാണൽ നടത്തുന്നുണ്ട്. ചിലത് വീട്ടുകാർക്ക് പരസ്പരം ഇഷ്ടപ്പെടും. പെണ്ണുമായി ചാറ്റ് ചെയ്തു തുടങ്ങുമ്പോൾ വൈബ് ശരിയാകുന്നില്ല എന്ന് പറഞ്ഞ് അവസാനിക്കും. അപ്പോഴാണ് സൂസി ദുബായിൽ ഉള്ളപ്പോൾ മോന് നല്ലൊരു കല്യാണാലോചന വന്നത്. അറിയാവുന്ന വീട്ടുകാർ, ഒന്നും അന്വേഷിക്കാൻ ഇല്ല. പെൺകുട്ടിയുടെ ഫോട്ടോയും ഇഷ്ടപ്പെട്ടു. പെൺകുട്ടിക്കും ബാംഗ്ലൂര്‍ തന്നെയാണ് ജോലി. സൂസി ദുബായിൽ ഇരിക്കുമ്പോൾ തന്നെ മോനെ വിളിച്ച് പെൺകുട്ടിയെ ബാംഗ്ലൂർ ഒരു കോഫി ഷോപ്പിലേക്ക് ക്ഷണിച്ച് കണ്ടോളൂ എന്ന് പറഞ്ഞു. സൂസി ആകാംക്ഷയോടെ മോൻറെ കോളിനായി കാത്തിരുന്നു. ദുബായിൽ നിന്ന് വന്ന ഉടനെ മകൻറെ കല്യാണം നടത്തേണ്ടതായി വരും. മകൾക്കും മരുമകനും ലീവ് കിട്ടുന്നത് എന്നായിരിക്കും? ലല്ലു മോൾക്ക് സ്കൂൾ അടക്കുന്നത് എന്നായിരിക്കും? അതിനനുസരിച്ച് കല്യാണ തീയതി തീരുമാനിക്കാം എന്നൊക്കെ മനസ്സിലുറപ്പിച്ചു. പക്ഷെ രണ്ടു ദിവസം കഴിഞ്ഞും മകൻറെ മറുപടിയോ ഫോണോ ഒന്നും കാണാതെ ആയപ്പോൾ സൂസിക്ക് അങ്കലാപ്പായി. “ദൈവമേ! ഇതും ചീറ്റി പോയോ? വൈബ് ശരിയായില്ലേ? “ ക്ഷമ നശിച്ച് സൂസി മോനെ വിളിച്ചപ്പോൾ മകൻറെ മറുപടി. “അമ്മ ഏതായാലും നാട്ടിലേക്ക് വരികയല്ലേ എല്ലാം നേരിൽ പറയാം“ എന്ന്. നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്താണ് പെൺ വീട്ടുകാരോട് പറയേണ്ടത് എന്ന് ചോദിച്ചപ്പോഴും അവൻ മറുപടി ആവർത്തിച്ചു. വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം. ക്ഷമിക്ക തന്നെ.

ലല്ലു മോളെ പിരിഞ്ഞ സങ്കടവുമായി സൂസി വീട്ടിലെത്തി. ഒരു മരണം നടന്ന പോലെ നിശബ്ദമായി പോയി വീട്. സൂസിയും ലൂക്കോച്ചനും മുഖത്തോടു മുഖം നോക്കി ലല്ലു മോളുടെ കുസൃതികളും കളിയും ചിരിയും അയവിറക്കികൊണ്ട് സമയം കളഞ്ഞു. ആ വാരാന്ത്യത്തിൽ മോൻ ബാംഗ്ലൂരിൽ നിന്ന് എത്തും എന്ന് അറിഞ്ഞപ്പോൾ രണ്ടുപേർക്കും ജീവൻ വച്ചു. മോന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഒരുക്കി പെണ്ണുകാണാൻ പോയ വിശേഷം കേൾക്കാൻ രണ്ടുപേരും തയ്യാറായിരുന്നു. കാത്തിരുന്നു മുഷിഞ്ഞ ലൂക്കോച്ചൻ ഒന്നു മയങ്ങിപ്പോയി. സൂസിയുടെ വലിയൊരു അലർച്ച കേട്ടാണ് ലൂക്കോച്ചൻ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.

“നീ കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടില്ല ഈ തലതെറിച്ചവളെ എൻറെ കുടുംബത്തോട്ട് ഞാൻ കയറ്റില്ല. ഞങ്ങൾ ലല്ലു മോളെ അവൾ അവധിക്ക് വരുമ്പോൾ കൊഞ്ചിച്ച് സായൂജ്യമടഞ്ഞു കൊള്ളാം. “ സൂസി പറഞ്ഞു.

“അയ്യോ! അമ്മേ, ഇത് ഞാൻ പറഞ്ഞതല്ല ഇതൊക്കെ ആ പെണ്ണ് മുന്നോട്ടു വച്ച ഡിമാൻഡുകൾ ആണ്. അമ്മ എന്തിനാണ് എന്നോട് ചൂടാവുന്നത്? ഇതിനാണോ അമ്മ എന്നെ ബാംഗ്ലൂരിൽ നിന്ന് വിളിച്ചു വരുത്തിയത്?"

ലൂക്കോച്ചൻ ആകെ അന്തം വിട്ടു. ഇവൻ എപ്പോഴെത്തി? വന്നയുടനെ ഇവൻ എന്ത് ബോംബ് ആണ് ഇവിടെ പൊട്ടിച്ചത്? സൂസി പെട്ടെന്ന് എങ്ങനെ നാഗവല്ലി രൂപം പൂണ്ടു? ലൂക്കോച്ചന് ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും അപ്പോൾ ഒരു ചോദ്യവും പറച്ചിലിനും നിൽക്കുന്നത് ബുദ്ധിയല്ല എന്ന് തോന്നിയതുകൊണ്ട് ലൂക്കോച്ചൻ പുറത്തേക്ക് നടക്കാനും മകൻ ഫ്രണ്ട്സിനെ കാണാൻ എന്നും പറഞ്ഞു ബൈക്ക് എടുത്ത് പുറത്തേക്കും പോയി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മകൻ ബാംഗ്ലൂർക്ക് മടങ്ങി. സൂസി നാഗവല്ലി രൂപം വിട്ട് ഗംഗ ആയപ്പോൾ ലൂക്കോച്ചൻ പതുക്കെ ശാന്തമായി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടൻസ് പിടി കിട്ടുന്നത്. മകൻ കോഫി ഷോപ്പിലേക്ക് പെണ്ണിനെ ക്ഷണിച്ചു. രണ്ടുപേരും സംസാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു അത്രേ അവളുടെ വീട്ടിൽ കാശ് ഒന്നും അയച്ചു കൊടുക്കേണ്ട സാഹചര്യം ഇല്ലാത്തതുകൊണ്ട് ലൈഫ് നന്നായി ആസ്വദിക്കുകയാണ്. ആറു വർഷമായി ജോലി കിട്ടിയിട്ട്. ഒറ്റ പൈസ പോലും സമ്പാദ്യം ഇല്ല. അതാതു വർഷം സമ്പാദിക്കുന്ന പൈസ ടൂർ നടത്തി തീർക്കും അത്രേ! ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സുഹൃത്തുക്കളുമായി പോയി കണ്ടുകഴിഞ്ഞു. രണ്ടുമൂന്നു വിദേശ രാജ്യങ്ങളും സന്ദർശിച്ചു. ഇനി യൂറോപ്പ്, ഇംഗ്ളണ്ട്, ആസ്ട്രേലിയ ഒക്കെയാണ് എക്സ്പ്ലോർ ചെയ്യാനുള്ളത്. അതുകൊണ്ട് വിവാഹം കഴിഞ്ഞാൽ ഉടനെ അവധിക്ക് ഇവിടെയൊക്കെ സന്ദർശിക്കണം. പിന്നെ ഈ കുടുംബ ജീവിതം എന്ന കൺസെപ്റ്റിനോട് താല്‍പര്യമില്ല. ഒരു കല്യാണമൊക്കെ നടത്തണോ? ലിവിങ് ടുഗദർ പോരെ? അപ്പോൾ പിന്നെ നിയമക്കുരുക്കുകൾ ഒന്നുമില്ലാതെ എപ്പോൾ വേണമെങ്കിലും വേർപിരിയാമല്ലോ? ഇതൊക്കെ സഹിക്കാം. അവസാനം പറഞ്ഞതാണ് സൂസിയുടെ സമനില തെറ്റിച്ചത്. ഒരു പത്ത് വർഷത്തേക്ക് പ്രസവിക്കാൻ ഒന്നും പറഞ്ഞേക്കരുത്. അപ്പോഴേക്കും 38 വയസ്സ് ആവില്ലേ എന്ന് മകൻ ചോദിച്ചപ്പോൾ അത് കുഴപ്പമില്ല. ഈയിടെ ഒരു തെന്നിന്ത്യൻ സിനിമാ നടി ചെയ്തതുപോലെ ചെയ്യാം എന്ന് പറഞ്ഞത്രേ. എന്താണ് സിനിമാനടി ചെയ്തത് എന്ന് ചോദിച്ചപ്പോൾ “ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്ക്, ഇതൊന്നുമറിയില്ലേ, ലോകപരിചയം കുറവാണല്ലോ? അധികം യാത്രകൾ പോകാത്തത്തിന്റെ കുഴപ്പങ്ങൾ ആണിതെല്ലാം”. ഇതേ കുറിച്ചൊന്നും വലിയ അറിവില്ലാത്ത മകന് അവൾ മകന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഇതുമായി ബന്ധപ്പെട്ട അഞ്ചാറു ലിങ്കുകൾ ഉടനടി അയച്ചു കൊടുത്തു.

എന്തായിരുന്നു ആ വീഡിയോയിൽ എന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞ മറുപടിയാണ് സൂസിയെ നാഗവല്ലി ആക്കി മാറ്റിയത്.

സൂപ്പർതാര നായികയും സംവിധായകനായ ഭർത്താവും വാടക ഗർഭധാരണത്തിലൂടെ ആണ് കുഞ്ഞിന് ജന്മം നൽകിയത്. അതിന്റെ വിശദാംശങ്ങൾ ഒരു ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടത്രേ പെൺകുട്ടി. ഐവിഎഫ് ട്രീറ്റ്മെൻറ് വഴി അത് ഈസിയായി ചെയ്യാമെന്ന് ഡോക്ടറും ഉറപ്പു കൊടുത്തിട്ടുണ്ടെന്ന്. ഇപ്പോൾ എഗ്ഗ് ഫ്രീസ് ചെയ്തു സൂക്ഷിക്കാം. പിന്നെ യാത്രകൾ ഒക്കെ കഴിഞ്ഞു ഒരു നാൽപ്പത് വയസ്സാകുമ്പോൾ കുഞ്ഞിനെ കുറിച്ചൊക്കെ ചിന്തിക്കാം. മകൻ ഇതെല്ലാം കേട്ട് വീട്ടുകാരുമായി ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞ് കോഫി ഷോപ്പിൽ നിന്ന് താമസ സ്ഥലത്തെത്തി. സൂസിയുടെ അലർച്ചയോടെയുള്ള മറുപടി പിന്നെ മുമ്പേ ലൂക്കോച്ചൻ കേട്ടിരുന്നത് കൊണ്ട് അത് പ്രത്യേകിച്ച് എടുത്തു ചോദിച്ചില്ല. എന്നാലും ആ താരസുന്ദരി ഇങ്ങനെ കുടുംബം കലക്കും എന്ന് ആരേലും കരുതിയോ അല്ലേ?

--------------------------------------------

മേരി ജോസി മലയിൽ

തിരുവനന്തപുരം

Related Stories

No stories found.
Times Kerala
timeskerala.com