
അച്ഛൻ ചില മീറ്റിംഗുകളിൽ പറയണത് കേൾക്കാറുണ്ട് പ്രത്യേകിച്ച് കുട്ട്യോളുള്ള ചില മീറ്റിംഗുകളിൽ... കുട്ട്യോളെ മനസ്സറിയാൻ, അവരോടൊപ്പം അവരെ ചേർത്ത് പിടിച്ചു നിക്കാൻ. അവരെ കേൾക്കാൻ ഒക്കെ അച്ഛനമ്മമാർക്ക് കഴിയൂത്രേ! എല്ലാ വിശേഷങ്ങളും സന്തോഷോം സങ്കടോം ഒക്കെ അവരുമായി പങ്കുവെക്കണത് നല്ലതാണ് പോലും. മീറ്റിംഗിന് വരണ കുട്ട്യോളോട് അച്ഛന് എന്ത് സ്നേഹാന്നറിയോ?! ആടാനും പാടാനും കളിക്കാനുമെല്ലാം അച്ഛൻ ഒപ്പം കൂടും. ഒരീസം കുട്ട്യോളെല്ലാരും കൂടിട്ട് അച്ഛന്റെ മുടിയൊക്കെ കെട്ടി, നെറ്റിയിൽ പൊട്ടുകുത്തികൊടുക്കണു. അച്ഛൻ അതിനെല്ലാം എന്ത് ക്ഷമയോടെയാ ഇരുന്ന് കൊടുത്തേന്നറിയോ... കൂടാതെ അച്ഛൻ അതെല്ലാം ആസ്വദിച്ച് ചിരിക്കേം ചെയ്യണു.
ന്റെ കണ്ണില് അന്നേരം ഇരുട്ടു കയറി. വീട്ടിലെ അച്ഛനെക്കാളും പൊറത്തെറങ്ങ്യാലുള്ള അച്ഛനെയാ ഇക്കിഷ്ടം. അപ്പൊ അച്ഛൻ എല്ലാരോടും ചിരിക്കേം തമാശ പറയേം വർത്താനം പറയേം ഒക്കെ ചെയ്യും. വീട്ടിലാണെങ്കി ആ ടീവീലെ വാർത്തയങ്ങട് തുറന്നു വെച്ച് ഫോണിൽ ഗെയ്മും കളിച്ച് ഒറ്റയിരിപ്പാ. അമ്മ അടുക്കളേന്ന് എന്തൊക്കെയോ ചോദിക്കിണ്ടാവും. ഒടുക്കം പാത്രങ്ങള് വരെ മിണ്ടാൻ തൊടങ്ങും. ന്നാലും അച്ഛൻ മാത്രം കേക്കില്ല. ഇനിപ്പോ അച്ഛനോട് കൊറച്ചു വിശേഷം പറയാന്നു വെച്ചാൽ അച്ഛനാ ഫോണിൽ നിന്നൊന്ന് കണ്ണെടുക്കണ്ടേ. അതുമല്ല അച്ഛനോട് മിണ്ടാൻ കൊതിച്ചൊന്നടുത്തു ചെന്നാൽ അപ്പോ കിട്ടും കൊറേ ഉപദേശം! സ്നേഹോള്ള ഒരു വാർത്താനുല്ല്യ.., ന്റെ വിശേഷങ്ങള് ഒട്ട് ചോദിക്കാറുല്ല്യ. ഉപദേശം മാത്രം കേട്ട് കേട്ട് ഒടുവിലാ പൂതി ഞാനങ്ങട്ട് ഉപേക്ഷിച്ചു. ന്നാലും മീറ്റിംഗില് പ്പോ എന്തിനാവും അച്ഛൻ അങ്ങനെയൊക്കെ പറയിണുണ്ടാവാ. പറയാൻ എളുപ്പാണല്ലോ ലെ. ഒരീസം മീറ്റിംഗിലെന്നെ ചോദിക്കണം അച്ഛനോട്, അച്ഛൻ ന്റെ കൂടെ എന്താ ഇരിക്കാത്തതെന്ന്? എനിക്ക് അച്ഛനോട് കൊറേ വിശേഷങ്ങള് പറയാനുണ്ട് എന്ന്. അങ്ങനെ ചോദിച്ചാ അച്ഛനെന്താ മറുപടി പറയുന്നുണ്ടാവാ!.. അറിയില്ല ന്നാലും ഒരീസം ചോദിക്കണം...
---------------------------------------
ശില്പ കെ. പി
കോഴിക്കോട്