
വെട്ടൊന്നു വെട്ടി, തുണ്ടം മുറിഞ്ഞു
അക്ഷരക്കൂട്ടങ്ങൾ വായ് പൊത്തി നിന്നൂ
അർത്ഥം പിഴച്ചിട്ടനർത്ഥം പിണഞ്ഞിട്ട്
സൃഷ്ടിച്ചൊരെൻറ, കാൽ മുട്ടിടിച്ചൂ
വെട്ടിപ്പരിക്കേറ്റ അക്ഷരമെല്ലാം
ഒട്ടുതെളിഞ്ഞങ്ങു നിൽക്കുന്ന കണ്ട്
ചങ്കു പിടഞ്ഞു ഞാൻ, കയ്യ് വിറച്ചു ഞാൻ
വെട്ടുകൾ വെട്ടീ തലങ്ങും വിലങ്ങും
കൈ വെട്ടി, കാൽ വെട്ടി, കണ്ണുകൾ രണ്ടും
ചൂഴ്ന്നങ്ങെറിഞ്ഞൊരാ നേരത്തു തന്നെ
കൈയ്യൊന്നു പാളി, താളങ്ങു കീറി
സാറിൻറ കൈയ്യീന്ന് തല്ലൊന്നു കിട്ടി
കണ്ണ് തുറിപ്പിച്ച്, ചൂരൽ വിറപ്പിച്ച്
നിൽക്കുന്ന സാറിനെ ഞാനൊന്നു നോക്കീ
ആരെടാ നീയെടാ, ഇങ്ങനെ വെട്ടുവാൻ
പുസ്തകമെന്തെടാ ചുമ്മാതെ കിട്ടുമോ
വെട്ടി തിരുത്തി എഴുതുവാൻ നിന്നെ ഞാൻ
എത്ര പ്രാവശൃം പഠിപ്പിച്ചിട്ടുണ്ടെടാ
തലങ്ങും വിലങ്ങും വെട്ടുന്നതെന്തിന്
നീളത്തിൽ വെട്ടൊന്നു വെട്ടിയാൽ
തീർന്നെടാ
കുറ്റം പറഞ്ഞിട്ടു കാരൃവുമില്ല
ക്ലാസ്സിലോ നിത്യവും എത്താറുമില്ലിവൻ
മെല്ലെ പറഞ്ഞിട്ട് സാറങ്ങു നീങ്ങീ
അക്ഷരം തെറ്റീതും, അർത്ഥം പിഴച്ചതും
അനർത്ഥമൊഴിഞ്ഞതും ഓർത്തു
ഞാൻ നിന്നു
------------------------------------------
സിന്ധു സുഗതൻ
ടി.വി പുരം