
നൊമ്പരങ്ങൾ നൽകിയോർക്കൊക്കെയും
നന്മയുള്ള ഹൃദയം കൊടുക്കണം.
നെഞ്ചുരുക്കിയ വാക്കുകൾക്കൊക്കെയും
സ്നേഹ വായ്മൊഴി ചൊല്ലി കൊടുക്കണം.
ചക്രവാളത്തിനക്കരെ പൂത്തൊരീ
ചില്ലയിൽ നിന്നുയിർക്കുന്ന പാട്ടിലെ
വെണ്മയൂറും നിലാവിന്റെ വരികളിൽ
താളമായി പുനർജ്ജനിച്ചെത്തണം.
മഴയിലിന്നു നാം താളം പിടിക്കുവാൻ
ഒത്തുചേരുന്ന തെക്കിനി തിണ്ണയിൽ
ഇറ്റു വീഴുന്ന തുള്ളികൾക്കൊക്കെയും
എന്ത് ചന്ദന ഗന്ധമാണോമലേ...
അന്ധകാരം നിറഞ്ഞൊരീ രാത്രിക്ക്
വർണമേകി നിലാവ് പരക്കവേ
നൊമ്പരങ്ങളൊഴുക്കി കളഞ്ഞൊരീ
നെഞ്ചിൽ നിന്നെ ചേർത്തുറക്കുന്നു ഞാൻ!
----------------------------------------------------------------------
രഞ്ജിത് രാമചന്ദ്രൻ
തിരുവനന്തപുരം