
സഹ്യാദ്രിയുടെ മാതക ഭംഗിയിൽ
മനസ്സു തുടിയ്ക്കും കാഴ്ചകളുമായി
ആലോലമാടുന്നെൻ മനം!
പ്രഭാത സൂര്യന്റെ പൊൻ കിരണങ്ങൾ
ഗ്രാമവൃക്ഷത്തിന്റെ തലപ്പുകളിൽ
തങ്കപ്പൊടി തൂവി... തൂവീ...
ചന്തമേറുന്നൊരു താഴ്വര തോപ്പുകൾ
തളിരും മലരുമുള്ളൊരു വെള്ളിപ്പടർപ്പുകൾ
പൂത്തു നില്ക്കും പൂമരവും
കളകളഗാനം പൊഴിച്ചെങ്ങും
ഇളകി പറക്കും പക്ഷികളും
നിറഞ്ഞു നിൽക്കുന്നെൻ മനസ്സിൽ.
തിങ്ങി നിറഞ്ഞൊരു കേരവൃക്ഷങ്ങളും
സ്വർണ്ണക്കതിരൊളി തൂകും വയലേല ഭംഗിയും
കൗതുകമേറും പച്ചപനം തത്തകളും
ആലോലമാടുന്നെന്റെ മനസ്സിൽ...
ആകാശത്തേരിൽ ഉദയസൂര്യനെഴുന്നുള്ളും
പുഞ്ചിരിയോടെ വശ്യ മനോഹര കാഴ്ചയുമായ്...
മഴയുടെ മാറ്റൊലി കേൾക്കേ
മയിലുകളാടും താഴ്വരകളും
മന്ദാരങ്ങളിൽ വിരുന്നെത്തിയ തുലാവർഷവും
മായുകയില്ലെൻ മനസ്സിൽ നിന്നൊരിക്കലും!...
--------------------------------------
ശ്യാമള ഹരിദാസ്
പാലക്കാട്