
സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. ഇന്ദു ഇനിയും ഉറങ്ങിയിട്ടില്ല. നാളെ അവൾക്ക് പരീക്ഷയാണ്. അതിനാൽ അവൾ ഇരുന്ന് പഠിക്കുകയാണ്. ജനൽ തുറന്നു കിടപ്പുണ്ട്. അതുവഴി സുഖമുള്ളൊരു കാറ്റ് ഒഴുകി വന്നു. നല്ല നിലാവുണ്ട്. ഏതോ മരക്കൊമ്പിലിരുന്ന് രാപ്പാടി പാടുന്നു. ഉറക്കം കൺപോളകളേ മാടി വിളിക്കുന്നു. അവൾ പുസ്തകം മടക്കി വെച്ചു കിടക്കാനൊരുങ്ങി. മുത്തശ്ശിയും ഇതുവരെ ഉറങ്ങിയിട്ടില്ല. അവൾ കിടന്ന ശേഷമേ മുത്തശ്ശി കിടക്കു. അതുവരെ അവർ അവൾക്ക് കാവലിരിക്കും. അവൾ തിരിഞ്ഞു നോക്കുമ്പോൾ മുത്തശ്ശി കാലും നീട്ടിയിരുന്നു ആസ്വദിച്ചു വെറ്റില മുറുക്കുകയാണ്. വെറ്റില ഞരമ്പു കളഞ്ഞു ചുണ്ണാമ്പും പഴുക്കടക്കയും ചേർത്ത് അവർ വിസ്തരിച്ചു മുറുക്കുകയാണ്. അവസാനം ഒരു കഷ്ണം പുകയിലയും വായിലിടും.
മുത്തശ്ശിക്ക് വയസ്സ് അറുപതു കഴിഞ്ഞു. ഇന്ദുവിനോട് അവർക്ക് നല്ല സ്നേഹമാണ്. അമ്മ മരിക്കുമ്പോൾ ഇന്ദുവിന് രണ്ടു വയസ്സായിരുന്നു. മുത്തശ്ശിയുടെ മൂത്ത മകളായിരുന്നു അമ്മ. പെട്ടെന്നുണ്ടായ ഒരു പനിയാണ് അമ്മയുടെ ജീവൻ അപഹരിച്ചത്. മുത്തശ്ശിയ്ക്ക് ഒരാണും ഒരു പെണ്ണുമായിരുന്നു മക്കൾ. ഹിമാചൽ പ്രദേശിലെ മഞ്ഞുരുകും കാലത്ത് മിലിട്ടറി ഹോസ്പിറ്റലിൽ ആയിരുന്നു അമ്മയുടെ ജനനം. മഞ്ഞുരുകും കാലത്ത് ജനിച്ചതുകൊണ്ട് അമ്മക്ക് " ഹിമ "എന്ന് പേരിട്ടത്. അതിനുശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഒരു ആൺ കുഞ്ഞു കൂടി ജനിച്ചു; മാധവ്! രണ്ടു പേരുടേയും വിദ്യാഭ്യാസം അവിടെ തന്നെ ആയിരുന്നു. അന്ന് മാധവ് ഡിഗ്രിക്ക് പഠിക്കുന്ന സമയം കൂട്ടുകാരോടൊത്ത് കടലിൽ നീന്താൻ പോയതായിരുന്നു. അവരെല്ലാം നീന്താനായി കടലിൽ ഇറങ്ങി.
ആ സമയത്താണ് ഒരു തിര അടിച്ചു വന്നത്. മാധവ് ആ തിരയിൽ പെട്ടു. പിന്നീട് എല്ലാവരും കൂടി മാധവിനു വേണ്ടി തിരച്ചിലായി. ഒടുവിൽ മണലിൽ കമഴ്ന്നു കിടക്കുന്ന മാധവിന്റെ ചേതനയറ്റ ശരീരമാണ് അവർക്ക് കാണാൻ കഴിഞ്ഞത്. അങ്ങിനെ വലിയൊരു ദുരന്തം ഏറ്റുവാങ്ങി അവർ നാളുകൾ തള്ളി നീക്കി. വർഷം മൂന്നായി. ഹിമയ്ക്ക് വിവാഹ പ്രായമായി. അവൾ തന്റെ സഹപാഠിയായ ആംഗ്ലോ ഇന്ത്യൻ അനിരുദ്ധുമായി അടുപ്പത്തിലാണ്.
അയാളെ വിവാഹം കഴിക്കുന്നതിൽ ആദ്യം വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് മുമ്പിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു. അങ്ങിനെ അതിഗംഭീരമായി ആ നാട്ടിൽ വെച്ചു തന്നെ പാശ്ചാത്യൻ സ്റ്റൈലിൽ ആ വിവാഹം നടന്നു. അതിനു ശേഷം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഇന്ദുവിന്റെ ജനനം. അവളുടെ മുത്തശ്ശൻ മിലിട്ടറിയിൽ ക്യാപ്റ്റൻ ആയിരുന്നു. ഇന്ത്യ പാക് യുദ്ധത്തിൽ ശത്രുപക്ഷത്തിന്റെ വെടിയേറ്റ് ആ വീരജവാൻ അന്ത്യശ്വാസം വലിച്ചു.
അതോടെ മുത്തശ്ശി തളർന്നു. ആരോടും മിണ്ടാട്ടമില്ല, തമാശയില്ല, കളിയില്ല. അതോടെ അച്ഛനോടൊപ്പം ജോലിസ്ഥലത്തായിരുന്ന അമ്മയും ഇന്ദുവും മുത്തശ്ശിയോടൊപ്പമായി. അന്ന് ഇന്ദുവിന് വെറും ആറുമാസമേ പ്രായമുള്ളൂ. പിന്നെ ആ കുഞ്ഞിന്റെ കളിയിലും ചിരിയിലും അവർ എല്ലാം മറന്നു. അങ്ങിനെ മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. മുത്തശ്ശൻ മരിക്കുന്നതിന് മുൻപ് നല്ലൊരു തുക മുത്തശ്ശി യുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. വർഷം രണ്ടു കഴിഞ്ഞു. വീണ്ടും അവരുടെ ജീവിതത്തിൽ ദുരന്തം അടിഞ്ഞു കൂടി. ഹിമക്ക് ഒരു പനി. അതിൽ അവളുടെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏക മകൾ ഹിമയുടെ പെട്ടെന്നുള്ള മരണം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ പിഞ്ചോമനയെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ചു അവൾ ഈ ലോകത്തോട് യാത്ര പറയുമ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു. അവരുടെ സമനില തന്നെ തെറ്റിയിരുന്നു. പതിനഞ്ചു ദിവസത്തോളം അവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ സമയമെല്ലാം ഇന്ദുവിന്റെ അടുത്ത് അവളുടെ അച്ഛനായിരുന്നു. ബന്ധുക്കൾ സഹായ മനഃസ്ഥിതിയും സ്നേഹവും ഉള്ളവരായതുകൊണ്ട് അവരുടെ സഹായം വേണ്ടുവോളം ലഭിച്ചിരുന്നു.
വർഷങ്ങൾ കടന്നുപോയി. ഇന്ദു വിനയവും ശാലീനതയും ഒത്തിണങ്ങിയ ഒരു സാധാരണ പെൺകുട്ടിയായിരുന്നു. പഠനത്തിലും കലയിലും നിപുണ. അവളുടെ വാക്കുകൾക്ക് തേനിന്റെ മാധുര്യമാണ്. ഒഴിവു ദിവസങ്ങളിൽ മുത്തശ്ശി അവളേയും കൂട്ടി പാടത്തും പറമ്പിലുമെല്ലാം പോകും. അതിനിടയിൽ തന്റെ കുട്ടിക്കാലത്തെ ചരിത്രമെല്ലാം അവളോട് പറഞ്ഞു കൊടുക്കും. മുത്തശ്ശിയുടെ കല്യാണം കഴിയുമ്പോൾ തറവാട് യശസ്സ് കൊണ്ട് കത്തി നിൽക്കുന്ന കാലമാണ്. കളത്തിലെ മുറ്റത്ത് കൊയ്ത്തും മെതിയും, തൊഴുത്ത് നിറയെ പശുക്കളും കാളകളും ഇഷ്ടത്തിന് പണിക്കാരും അങ്ങനെ അങ്ങനെ...
വീടിന്റെ തെക്കു ഭാഗത്ത് ഒരു ഭാഗവതരുടെ വീടാണ്. ഭാഗവതർ പാട്ടു പഠിപ്പിക്കുന്നുണ്ട്. ധാരാളം കുട്ടികൾ അവിടെ വരുന്നുണ്ട്. മുത്തശ്ശിയും മുത്തശ്ശിയുടെ ചെറിയമ്മയുടെ മകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പാട്ടും രണ്ടു ദിവസം കൈകൊട്ടി കളിയുമാണ്. കൈകൊട്ടി കളി പാട്ട് ഈണത്തിൽ പാടി മനോഹരമായ ചുവടുകൾ വെച്ച് ഭാഗവതർ കളിക്കുന്നത് കണ്ടാൽ അതിൽ ലയിച്ചിരുന്നു പോകും. കൂട്ടത്തിൽ നന്നായി കളിക്കുന്ന കുട്ടി മുത്തശ്ശിയായിരുന്നു.അന്ന് മുത്തശ്ശി കളി കഴിഞ്ഞു വരുമ്പോൾ നാലഞ്ചു പേർ ഉമ്മറത്തിരുന്ന് അച്ഛനോട് സംസാരിക്കുന്നു. കുറേ കഴിഞ്ഞപ്പോൾ അവർക്ക് ചായകൊടുക്കാനായി മുത്തശ്ശിയുടെ കൈയ്യിൽ ഉമ്മറത്തേക്ക് കൊടുത്തു വിട്ടത്രെ. അവർക്കൊന്നും മനസ്സിലായില്ല. അങ്ങിനെ അവർ വന്നു കണ്ട് കല്യാണവും ഉറപ്പിച്ചു.
പിന്നീട് വിവാഹശേഷം നാലഞ്ച് വർഷം മുത്തശ്ശി മുത്തശ്ശന്റെ ജോലി സ്ഥലത്തായിരുന്നു. അമ്മ ജനിച്ചതോടെ മുത്തശ്ശി നാട്ടിൽ സ്ഥിരമായി. ഹിമ മരിച്ചശേഷം പോയ അവളുടെ അച്ഛന്റെ യാതൊരു വിവരവും ഇല്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. ഇന്ദു കാണാൻ അതി സുന്ദരിയാണ്. അവളുടെ സൗന്ദര്യത്തിനു മുൻപിൽ അപ്സരസ്സുകൾ പോലും തോറ്റു പിന്മാറും. ഇന്ദുവിന്റെ കളിത്തോഴനും അയൽ വാസിയുമായ ശരത്തിനോടൊപ്പമാണ് അവൾ കോളേജിൽ പോകുന്നതും വരുന്നതും.
അവളുടെ ചുരുളൻ മുടിയും വശ്യതയാർന്ന പുഞ്ചിരിയും കവിളിലെ നുണക്കുഴികളും ആ ഉണ്ട കണ്ണുകളും ആരിലും കൗതുക മുണർത്തും. അവളുടെ കണ്ണുകൾ എപ്പോഴും പരൽമീൻപോലെ തുടിച്ചു കൊണ്ടിരിക്കും. സൂര്യൻ അസ്തമയത്തോടടുത്തു. ഇന്ദു ബാൽക്കണിയിൽ പോയി നിന്നു. നീലമേഘ കാർമുകി ലിനുള്ളിൽ പാലൊളി അമ്പിളി എത്തി നോക്കുന്നു. അവൾ അക്ഷമയോടെ പുറത്തേയ്‌ക്കും നോക്കി നിന്നു. അതാ ദൂരെ നിന്നും ശരത്ത് വരുന്നു. മനസ്സിൽ മെനഞ്ഞെടുത്ത ദിവാ സ്വപ്നങ്ങൾ കതിർക്കുല പോലെ അലങ്കാര ദീപമായ് പ്രകാശിച്ചു. ദിവസവും സായം സന്ധ്യയിൽ അൽപനേരം അവർ ബീച്ചിൽ പോയിരിക്കുക പതിവാണ്.
അവർ നടന്നു ബീച്ചിന്റെ തിരക്കൊഴിഞ്ഞ ഒരു കോണിൽ പോയിരുന്നു. അവർ ആഞ്ഞടിക്കുന്ന തിരമാലകളിലേയ്ക്ക് കണ്ണും നട്ടിരുന്നു. തങ്ങളുടെ ഹൃദയത്തിലും ഇതുപോലെ തിര ആഞ്ഞടിക്കുന്നതായി അവർക്ക് തോന്നി. തിരമാലകളുടെ സൗന്ദര്യം അവരിൽ ആത്മനിവൃതിയേകി. ആ സംഗീതം അവർ ആസ്വദിച്ചു. ശരത്ത് ആകാശത്തേക്ക് തലയുയർത്തി നോക്കി. ആകാശം നിറയെ വിടരാൻ വെമ്പി നിൽക്കുന്ന നക്ഷത്ര സമൂഹം. അവ അവനോട് പുഞ്ചിരിക്കുന്ന പോൽ അവന് തോന്നി. സായം സന്ധ്യയേയും അസ്തമയ സുര്യനേയും സാക്ഷി നിർത്തി അവർ തങ്ങളുടെ ഹൃദയവികാരങ്ങൾ കൈമാറി. അനന്തനീലിമയാർന്ന ആകാശവും പൂനിലാവേകുന്ന അമ്പിളിയും അവർക്ക് സാക്ഷിയായി. അവർ എഴുന്നേറ്റ് മെല്ലെ വീട്ടിലേയ്ക്ക് നടന്നു. അവരുടെ ഈ ബന്ധം രണ്ടു വീട്ടുകാർക്കും പൂർണ്ണ സമ്മതമാണ്.
അവരുടെ ആത്മ ബന്ധം പൂത്തു തളിർത്തു നിൽക്കുന്ന വസന്തമായി ആത്മാനുഭൂതി നിറയുന്ന ഒരു സ്നേഹ കവാടമായി വിടരട്ടെ എന്ന് ഇരുകൂട്ടരും മോഹിച്ചു. കാലചക്രം കാലത്തിനു വഴിമാറി കൊടുത്തു. ഇന്ന് ശരത്തിന്റെയും ഇന്ദുവിന്റെയും വിവാഹമാണ്. പ്രകൃതിയുടെ സന്ധ്യാ ദീപത്തിൽ കത്തും പൊൻ വിളക്കുപോൽ ആ യുവമിഥുനങ്ങൾ തിളങ്ങി. എല്ലാവരുടേയും ശ്രദ്ധ അവരിൽ ആയിരുന്നു. ആരും ശ്രദ്ധിക്കാതെ ആ വിവാഹ പന്തലിന്റെ ഒരു മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരാൾ നിന്നിരുന്നു. താടിയും തലയും നീട്ടി ജീർണ്ണിച്ച വസ്ത്രം ധരിച്ച ഒരു പ്രാകൃത രൂപം. ആർക്കും അയാളെ മനസ്സിലായില്ല. ശരത്തിന്റെ അച്ഛൻ അയാളെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ടു മറന്ന രൂപം.
അയാൾ തന്റെ ഓർമ്മയിൽ ചികഞ്ഞു. സംശയം അയാളിൽ മുളപൊട്ടി. അയാൾ വേഗം അപരിചിതന്റെ അടുക്കൽ എത്തി. അനിരുദ്ധ് അയാൾ ശബ്ദം താഴ്ത്തി വിളിച്ചു. ഒരു ഞെട്ടലോടെ അയാൾ മുഖമുയർത്തി. അയാൾ എല്ലാം ശരത്തിന്റെ അച്ഛനോട് പറഞ്ഞു. ഹിമ മരിച്ച ശേഷം പോയ അയാൾ ഒരു മാനസിക രോഗി ആയി തീരുകയും ഭ്രാന്താശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നും ഡിസ്ചാർജ് ചെയ്തപ്പോൾ മകളെ കാണാനായി ഓടി വരികയാണെന്നും. ശരത്തിന്റെ അച്ഛൻ അയാളെ കൂട്ടി ഉള്ളിലേയ്ക്ക് പോയി. കുളിക്കാനായി ബാത്ത്റൂം കാണിച്ചു കൊടുത്തു. വസ്ത്രങ്ങളും കൊടുത്തു. കുളികഴിഞ്ഞു പുതു വസ്ത്രങ്ങളും അണിഞ്ഞു അയാൾ മകൾക്കരികിലെത്തി. അവളെ കെട്ടിപ്പിടിച്ചു ആ നെറുകയിൽ ചുംബിച്ചു.
അമ്പരന്ന് നിൽക്കുന്ന അവൾക്ക് ശരത്തിന്റെ അച്ഛൻ അയാളെ പരിചയപ്പെടുത്തി. മോളേ ഇത് നിന്റെ അച്ഛനാണ്. ആ കാലിൽ നമസ്ക്കാരിക്ക്. അവർ രണ്ടുപേരും അപ്രകാരം ചെയ്തു. അവിടെ ആനന്ദ കണ്ണനീർ ഒഴുകി. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി. അവളുടെ ഭാഗ്യത്തിൽ എല്ലാവരും സന്തോഷിച്ചു. അങ്ങിനെ മംഗളമായ് ആ വിവാഹം നടന്നു.
----------------------------------------
ശ്യാമള ഹരിദാസ്
പാലക്കാട്