ആ മഴത്തണുപ്പിൽ...(കഥ)-കോട്ടാത്തല ശ്രീകുമാർ

story
pic credits : Google
Published on

നിയൊരു മടക്കയാത്ര നടക്കുമെന്ന് കരുതിയതല്ല. മുറിയ്ക്ക് പുറത്തേക്ക് പോലും ഇറങ്ങാതെ എത്ര ദിവസം തള്ളി നീക്കി. ലോക് ഡൗൺ... അത് വലിയൊരു അനുഭവം തന്നെയായിരുന്നു. പട്ടിണി ശരിയ്ക്കുമറിഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു കഷ്ടം. ഓരോ ദിവസവും എന്തുമാത്രം പലഹാരങ്ങൾ തിന്ന് ശീലിച്ചവരാ... പക്ഷെ, ഇപ്പോൾ പലഹാരത്തിന്റെ മധുരം പോലും അവർ മറന്നിരിക്കുന്നു. ഇനി നാട്ടിലെത്തിയിട്ടുവേണം മനഃസുഖമായി വല്ലതും കഴിക്കാൻ! തീവണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് സ്റ്റോപ്പില്ലെന്നാണ് അറിഞ്ഞത്. നാല് ദിനങ്ങളുണ്ട്. അങ്ങെത്തിയാൽ മതിയാരുന്നു. നന്ദുവിന് നല്ല പനിയുണ്ട്. ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയതാണ്. പനിയാണെന്ന് പറഞ്ഞാൽ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലാക്കും. കൊവിഡിന്റെ ദുരിതക്കൂട്ടിൽ കഴിയേണ്ടി വരും. അത് പേടിച്ചാണ് ആരോടും പറയാഞ്ഞത്. പുറത്ത് മഴ കനക്കുന്നല്ലോ... നന്ദു വിറയ്ക്കുകയാണ്... പാവം! തണുക്കുന്നുണ്ടാകും... അനന്ദു മൊബൈലിൽ കളിക്കുകയാണ്. അവനെപ്പോഴും അതാണ് രസം. വീട്ടിലേക്ക് വരുന്ന കാര്യം മാളവികയോട് പറയുകയാണെന്നാ തോന്നുന്നെ... എന്തേലുമാകട്ടെ!..

"ചേട്ടാ... നന്ദു നന്നായി വിറയ്ക്കുന്നു..." ബിന്ദു പറഞ്ഞു.

"ആ പുതപ്പ് മൂടി അഡ്ജസ്റ്റ് ചെയ്യ്... പനിയാണെന്ന് അപ്പുറത്തിരിക്കുന്നവർ അറിഞ്ഞാൽ..." സതീശൻ മറുപടി നൽകി.

"ഉം... ശരിയാ..." ശബ്ദം താഴ്ത്തി പറഞ്ഞു.

മഴത്തണുപ്പ് നന്നായുണ്ട്. തീവണ്ടിയ്ക്ക് വേഗത കുറവാണോ? നേരം ഒരുപാടായെന്ന് തോന്നുന്നു. മൊബൈലിന്റെ ചാർജ്ജ് തീർന്നതിനാൽ സമയം അറിയാനും വയ്യ.

"ചേട്ടാ... നന്ദുവിന്റെ ശരീരത്തിന് നല്ല തണുപ്പ്.. അനക്കവുമില്ല.. ഒന്നിങ്ങോട്ട് നോക്കിയെ..." ബിന്ദു പറഞ്ഞു.

സതീശൻ അടുത്തെത്തി.. നന്ദുവിന്റെ നെറ്റിയിൽ തൊട്ടുനോക്കി..

"അയ്യോ... എന്തായിത്..എന്റമ്മോ... ബിന്ദൂ... നമ്മുടെ മോൻ.." സതീശന്റെ ശബ്‍ദം ഇടറി.

ഇരട്ടക്കുട്ടികളിൽ ഒരാൾ മരണത്തിലേക്ക് നടന്നുകയറിയ സത്യമറിഞ്ഞിട്ടും ഒന്നു നിലവിളിക്കാൻ പോലുമാകുന്നില്ല. നന്ദു പോയി.. ഇനി അവൻ തിരിച്ചുവരില്ല... അയ്യോ... ഇതെന്ത് പരീക്ഷണം? ആരോടെങ്കിലും പറഞ്ഞാൽ ഈ ദിക്കറിയാത്തിടത്ത് ഇറക്കി വിട്ടാൽ.. കൊവിഡിന്റെ ദുരിതങ്ങൾക്കിടയിൽ എവിടേക്ക് പോകാൻ... വിങ്ങിപ്പൊട്ടുമ്പോഴും അടുത്ത സീറ്റുകളിൽ ഉള്ളവർ അറിയാതിരിക്കാൻ അവർ പാടുപെട്ടു. പുതപ്പ് മൂടി കിടത്തിയിരിക്കുന്ന നന്ദുവിന്റെ ചേതനയറ്റ ശരീരത്തോട് ചേർന്ന് കെട്ടിപ്പിടിച്ചുകിടന്ന് വിതുമ്പുകയാണ് ബിന്ദു. ചേർന്ന് കിടന്ന അനന്ദുവും ഉറങ്ങി... ആരോടും ഒന്നും പറയാനാവാതെ സതീശന്റെ കണ്ണുകളിൽ നനവ് പൊടിയുന്നു.. മറ്റെല്ലാവരും ഉറക്കമാണ്.

നേരം പുലർന്നു വരുന്നുണ്ട്. അടുത്ത സീറ്റുകളിൽ ഉള്ളവർ ഉണർന്നേക്കും. ഇനി എന്ത് ചെയ്യുമെന്ന് ആയിരംവട്ടം ആലോചിച്ചു. ഇനിയും വൈകിയാൽ നന്ദുവിന്റെ ശരീരത്ത് ദുർഗന്ധമാകും. ശവഗന്ധവുമായി അധികദൂരം താണ്ടാനാകില്ല. ഇവിടെ ഇറങ്ങിയാൽ അത് വലിയ വിനയാകും. ജീവിതത്തിന്റെ സമ്പാദ്യങ്ങളിൽത്തന്നെ പലതും ഉപേക്ഷിച്ചാണ് യാത്രതിരിച്ചത്. നാട്ടിലെത്താതെ മറ്റൊരു ജീവിതവഴിയും മുന്നിലില്ലതാനും.. ഇനി എങ്ങിനെ...മറ്റാരുടെയും മൂക്കിലേക്ക് ആ ഗന്ധമെത്തരുത്.. കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ...

"ബിന്ദൂ...."

ബിന്ദു വിളി കേട്ടില്ല. നല്ല ഉറക്കമാണ്... താനല്ലാതെ മറ്റാരും ഇവിടെ ഉണർന്നിരിപ്പില്ല. അനന്ദുവും ഉറക്കമാണ്.. ഉറക്കത്തിനിടയിൽ അവൻ അമ്മയോട് ചേ‌ർന്ന് കിടക്കുന്ന പതിവുണ്ട്.. നന്ദുവിനെ തള്ളി മാറ്റാൻ ശ്രമിക്കുന്നത് കണ്ടതുമാണ്.. ആരെയും ഉണർത്തേണ്ട...

"നന്ദൂ... മോനേ... ഈ അച്ഛന് മാപ്പ് നൽകണേടാ... നിന്നെ ഞങ്ങൾ ഉപേക്ഷിക്കുകയാ.. ഇനി എന്റെ പൊന്നുമോനെ ഒന്നൂടെ കാണാൻ പറ്റില്ലല്ലോടാ മുത്തേ...."

സതീശന്റെ വിങ്ങലുകൾക്ക് അല്പം പോലും ശബ്ദമുണ്ടായിരുന്നില്ല. ബിന്ദു അറിയേണ്ട.. മറ്റാരും ഉണരും മുൻപെ അത് ചെയ്തേ പറ്റൂ...

സതീശൻ പതിയെ നന്ദുവിന്റെ നെറുകയിലൊരു മുത്തം കൊടുത്തു. പൊന്നുമോനുള്ള അച്ഛന്റെ അവസാന ചുംബനം. പതിയെ പുതപ്പോടുകൂടി എടുത്തു. വാതിലിനടുത്തേക്ക് നടക്കുമ്പോൾ ഉള്ള് കിടന്ന് പിടക്കുകയായിരുന്നു. അധികം ചിന്തിച്ചാൽ ശരിയാകില്ല. ഇപ്പോൾ ഇതാണ് ശരി. തീവണ്ടിയ്ക്ക് ഇപ്പോൾ വേഗത കൂടുതലാണ്. ആരും തന്നെ കണ്ടിട്ടില്ല. വാതിലിനോട് ചേർന്ന് നിന്നു. വീണ്ടും നന്ദുവിന്റെ നെറുകയിൽ തെരുതെരെ ഉമ്മവച്ചു. പെട്ടെന്ന് പുതപ്പോടുകൂടി അവനെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

"അയ്യോ... ഞാനെന്താണ് ചെയ്തത്. എന്റെ മോൻ... അയ്യോ.. ഈ പാപം ഞാൻ എങ്ങിനെ തീർക്കും... മോനേ....."

നിലവിളി ശബ്ദം പുറത്തേക്ക് വരാതെ പതിയെ സീറ്റിനടുത്തേക്ക് നടന്നു. അപ്പോഴും ബിന്ദുവും അനന്ദുവും നല്ല ഉറക്കത്തിലാണ്. അവർക്കൊപ്പം ചേർന്നുകിടന്നു. കൈ ഒന്നു പൊക്കി അനന്ദുവിനെ ഒന്ന് കെട്ടിപ്പിടിച്ചുകരയാൻ വെമ്പി. കൈ പൊങ്ങുന്നില്ല. പാപം ചെയ്ത കൈയാണ്. സ്വന്തം പൊന്നുമോനെ പുറത്തേക്ക് വലിച്ചെറിഞ്ഞ കൈകളാണ്. സാവധാനം കൈയെടുത്ത് അനന്ദുവിനെ കെട്ടിപ്പിടിച്ചു. കൈ തട്ടിയതോടെ ബിന്ദു ഉണർന്നു. അവളോട് ഞാനെങ്ങിനെ പറയും? കാഴ്ചയിൽ അല്പം പോലും വ്യത്യാസമില്ലാത്ത ഇരട്ടക്കുട്ടികളെ നൊന്തുപെറ്റവളല്ലേ... എന്നെ വെറുക്കില്ലേ?..

"അയ്യോ.. എന്തായിത്. അനന്ദുവിന്റെ ശരീരവും തണുത്തുറഞ്ഞിരിക്കുന്നല്ലോ... ബിന്ദൂ.. അയ്യോ... മോനേ... അപ്പോൾ ഞാൻ പുറത്തേക്കെറിഞ്ഞത് എന്റെ അനന്ദുവിനെയായിരുന്നോ... പൊന്നുമോനേ..."

സതീശന്റെ ആ വിളിയൊച്ച ചെറുതായിരുന്നില്ല.

ആളും ബഹളവും കരച്ചിലും. പുറത്ത് മഴ കനത്തു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തണമെന്ന് ചിലർ... അത് പറ്റില്ലെന്ന് മറ്റ് ചിലർ... ആകെ ബഹളം... ജീവനോടെ ഒരു കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ അരുംകൊലയാണെന്ന ഒരാളുടെ പറച്ചിലിന് കാഠിന്യമേറി... രണ്ട് മക്കളും നഷ്ടപ്പെട്ട അമ്മയുടെ കരച്ചിലിന് ശബ്ദം കൂടുകയാണ്. തലയ്ക്ക് പെരുപ്പ് കയറിയതിനാൽ അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് സതീശനും അറിയുന്നില്ല. സ്റ്റോപ്പില്ലാത്ത ട്രെയിൻ അപ്പോഴും ഓടുകയാണ്...

---------------------------------------------

കോട്ടാത്തല ശ്രീകുമാർ

കൊല്ലം

Related Stories

No stories found.
Times Kerala
timeskerala.com