ഓവനും ഗ്രില്ലും ഇല്ലെങ്കിലും പെരി പെരി അല്‍ഫാം തയ്യാറാക്കാം. | Peri Peri Alfam

ചിക്കന്‍ കൊണ്ടുള്ള പലതരം വിഭവങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയം ഏറിവരികയാണ്. നല്ല നാടന്‍ കറി മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയുള്ള വെറൈറ്റികള്‍.
Image Credit: Social Media
Published on

ചിക്കന്‍ കൊണ്ടുള്ള പലതരം വിഭവങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയം ഏറിവരികയാണ്. നല്ല നാടന്‍ കറി മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയുള്ള വെറൈറ്റികള്‍. അറബ് നാടുകളില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിഭവമാണ് അല്‍ഫാം. ഇതില്‍ നിന്നും പിന്നീട് വെറൈറ്റി വിഭവങ്ങൾ നിരവധി വന്നു. കാന്താരി അല്‍ഫാം, കുക്കര്‍ ചിക്കന്‍, ബക്കറ്റ് ചിക്കന്‍ തുടങ്ങിയവ. പെരി പെരി അല്‍ഫാം, വളരെ വേഗത്തിലും രുചിയിലും ഉണ്ടാക്കാം. ഇതിന് കുക്കറിന്‍റെയോ ഓവണിന്‍റെയോ ആവശ്യമില്ല.

ആവശ്യമുള്ള ചേരുവകള്‍:

ചിക്കന്‍

തൈര്

നാരങ്ങാനീര്

ഉപ്പ്

മഞ്ഞള്‍പൊടി

മുളക്‌ പൊടി

ഗരംമസാല

മസാല തയ്യാറാക്കാന്‍:

പച്ചമല്ലി

കുരുമുളക്

ജീരകം (പെരുംജീരകം, ചെറിയ ജീരകം)

ഏലയ്‌ക്ക

ഗ്രാമ്പൂ

കറുവയില (ബേലീഫ്)

വറ്റല്‍ മുളക്

അരപ്പ് തയ്യാറാക്കാന്‍:

തക്കാളി

സവാള

വെളുത്തുളി

ഇഞ്ചി

പുതിനയില

മല്ലിയില

സോസ്‌ തയ്യാറാക്കാന്‍:

ടൊമാറ്റോ സോസ്

കുരുമുളക് പൊടി

നാരങ്ങാനീര്

ചില്ലി ഫ്ലേയ്‌ക്ക്‌സ്

പാചകം ചെയ്യുന്നവിധം:

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് ചിക്കന്‍ നന്നായൊന്ന് സോഫ്‌റ്റ് ആവാനായി ചെറുതായി അടിച്ച് കൊടുക്കുക. (ചപ്പാത്തി കോല്‍ അല്ലെങ്കില്‍ ചെറിയ ഹാമര്‍ വച്ച് അടിക്കാം). ഈ ചിക്കന്‍ കത്തികൊണ്ട് ചെറുതായൊന്ന് വരഞ്ഞെടുക്കുക. മസാലയെല്ലാം ചിക്കന് അകത്തേക്ക് പിടിക്കാനായിട്ടാണ് ഇങ്ങനെ വരയുന്നത്. ഇതിനുള്ള മസാല തയ്യാറാക്കാം.

പച്ചമല്ലി, കുരുമുളക്, ജീരകം, ഏലയ്‌ക്ക, ഗ്രാമ്പൂ, കറുവയില (ബേലീഫ്), വറ്റല്‍ മുളക് എന്നിവ വറുത്ത് പൊടിച്ച് മാറ്റിവയ്‌ക്കുക. തുടര്‍ന്ന് തക്കാളി, സവാള, വെളുത്തുളി, ഇഞ്ചി, പുതിനയില, മല്ലിയില എന്നിവ ചേര്‍ത്ത് മിക്‌സില്‍ നന്നായി അരച്ചെടുക്കുക. തുടര്‍ന്ന് ചിക്കനില്‍ പുരട്ടാനുള്ള മസാല തയ്യാറാക്കുക.

ഇതിനായി അല്‍പം തൈരിലേക്ക് നാരങ്ങ നീര്, മഞ്ഞള്‍പൊടി, മുളക്‌ പൊടി, ഉപ്പ്, ഗരം മസാല, സണ്‍ഫ്ലവര്‍ ഓയില്‍, കശ്‌മീരി മുളക്‌ പൊടി, ആവശ്യമെങ്കില്‍ അല്‍പം റെഡ് ഫുഡ് കളര്‍ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് നേരത്തെ പൊടിച്ചെടുത്ത മസാലയും അരച്ചെടുത്ത അരപ്പും ആവശ്യത്തിന് ചേര്‍ത്ത് മിക്‌സ് ചെയ്‌ത് ചിക്കനില്‍ തേച്ചുപിടിപ്പിക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പ നേരം റെസ്‌റ്റ് ചെയ്യാന്‍ വയ്‌ക്കുക.

ഒരു പാനില്‍ എണ്ണയൊഴിച്ച് (സണ്‍ഫ്ലവര്‍, ഒലീവ് ഓയില്‍) മസാല പുരട്ടിയ ചിക്കന്‍ കഷണങ്ങള്‍ അതില്‍ നിരത്തി വയ്‌ക്കാം. ചെറിയ തീയില്‍ അല്‍പനേരം അടച്ചുവച്ച് വേവിക്കാം. ഇടക്ക് കഷണങ്ങള്‍ തിരിച്ചും മറിച്ചും ഇടാം. ചിക്കന്‍ പകുതി വേവാകുമ്പോഴേക്കും അതില്‍ തേച്ചുപിടിപ്പിക്കാനുള്ള സോസ്‌ തയ്യാറാക്കാം. അതിനായി ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് അതിലേക്ക് തക്കാളി സോസ്‌ ഒഴിക്കുക. അതിലേക്ക് കുരുമുളക്‌ പൊടി, നാരങ്ങാനീര്, ചില്ലി ഫ്ലേയ്‌ക്ക്‌സ്‌, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് പരുവത്തിലാക്കാം. ഈ സോസ്‌ ചിക്കനില്‍ തേച്ച് വീണ്ടും തിരിച്ചും മറിച്ചും ഇട്ട് വേവിക്കാം. ഇപ്പോള്‍ പെരി പെരി അല്‍ഫാം റെഡിയായി.

ഇതിന് ശരിക്കും അല്‍ഫാമിന്‍റെ ടേസ്റ്റ് കിട്ടാനായി കഷണങ്ങളെല്ലാം ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക. തുടര്‍ന്ന് ഒരു ചെറിയ കഷണം ചാര്‍ക്കോള്‍ കത്തിച്ച് ഒരു ചെറിയ പാത്രത്തിലിട്ട് അതിലേക്ക് അല്‍പം എണ്ണ ഒഴിച്ച് ചിക്കന്‍ ഇട്ട പാത്രത്തിലേക്ക് ഇറക്കി വയ്‌ക്കാം. തുടര്‍ന്ന് ആ പാത്രം മൂടിവയ്‌ക്കാം. ഒരു അഞ്ച് മിനിറ്റ് മൂടിവച്ചാല്‍ ചിക്കന്‍റെ മണവും സ്‌മോക്കിന്‍റെ മണവും ചേര്‍ന്ന് കറക്‌ട്‌ അല്‍ഫാമിന്‍റെ മണവും ടേസ്റ്റും ലഭിക്കും. ഇതാണ് അതീവ രുചികരമായ പെരി പെരി അല്‍ഫാം.

Related Stories

No stories found.
Times Kerala
timeskerala.com