
വളരെ എളുപ്പത്തിൽ അതീവ രുചിയിൽ റെയിൽവേ മട്ടൺ കറി വീട്ടിൽ തയ്യാറാക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ പ്രഷർ കുക്കറിൽ ഈ മട്ടൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
മട്ടൺ - 1/2 കിലോഗ്രാം
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
സവാള -1
തക്കാളി -3
പച്ചമുളക് -5
തൈര് -1 കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
മല്ലിയില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
മല്ലിയില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 2 ടേബിൾ സ്പൂൺ
താളിക്കാൻ :
പെരുംജീരകം - 1 ടീസ്പൂൺ
കറുവാപ്പട്ട - 2 വലുത്
നല്ലജീരകം - 1/4 ടീസ്പൂൺ
ഏലക്കായ - 2
കരയാമ്പൂ - 2
ഉണക്കമുളക് - 3
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം:
ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി താളിക്കാൻ ഉള്ള ചേരുവകൾ ചേർത്ത് 1 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി പച്ചമണം മാറിയതിനുശേഷം എല്ലാ പൊടികളും ഉപ്പും ചേർത്തിളക്കുക. അരിഞ്ഞു വച്ച തക്കാളിയും കുറച്ചു വെള്ളവും ചേർത്തു തീ കുറച്ചു മൂടി വച്ചു വേവിക്കണം.
ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മട്ടൺ, തൈര് എന്നിവ ചേർത്തു ഇളക്കണം. തീ കുറച്ചു വച്ചു ആറേഴു മിനിറ്റ് മസാല മട്ടൺ കഷ്ണങ്ങളിൽ പിടിക്കുന്നത് വരെ ഇടയ്ക്കു ഇളക്കി കൊടുക്കണം, ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേർത്തിളക്കണം.
അര കപ്പ് വെള്ളം കൂടി ചേർത്തു കുക്കർ അടച്ചു 4 വിസിൽ വരുന്നത് വരെ വേവിക്കുക. മട്ടൺ വേവുന്നത് വരെ തീ കുറച്ചു വയ്ക്കണം. ആവി പോയിക്കഴിഞ്ഞാൽ ഗ്രേവി കുറുകുന്നത് വരെ തീ കുറച്ചു വയ്ക്കാം. മല്ലിയില വച്ചു അലങ്കരിക്കാം.