
തെക്കൻ കേരളത്തിലെ സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ബോളി. ബോളിയും പാൽപ്പായസവും ചേരുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ബോളി ഇനി ബേക്കറികളിൽ നിന്ന് വാങ്ങേണ്ട. കടകളിൽ നിന്നും കിട്ടുന്നതിലും നല്ല ബോളി വീട്ടിൽ തയാറാക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ചേരുവകൾ
കടലപ്പരിപ്പ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലക്ക - 5
ജാതിക്ക - ഒന്നിന്റെ നാലിലൊന്ന്
നെയ്യ് - ഒരു ടേബിൾ സ്പൂൺ
മൈദ - മുക്കാൽ കപ്പ്
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
നല്ലെണ്ണ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
അരിപ്പൊടി - പരത്താൻ ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കടലപ്പരിപ്പ് കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക. വെന്ത കടലപ്പരിപ്പ് ഒരു അരിപ്പയിലേക്ക് ഇട്ടു വെള്ളം വാർന്നു കളയുക. വെള്ളം മുഴുവൻ പോയി കഴിയുമ്പോൾ മിക്സിയുടെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അരച്ചെടുത്ത കടലപ്പരിപ്പ് അരിപ്പയിലൂടെ അരിച്ചെടുത്താൽ ബോളി കൂടുതൽ സോഫ്റ്റായി കിട്ടും.
മൈദയും മഞ്ഞൾപ്പൊടിയും ഉപ്പും കൂടി കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്കു വെള്ളം കുറേശ്ശേ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇതിനു മുകളിലേക്കു രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.
പഞ്ചസാരയും ഏലക്കയും ജാതിക്കയും കൂടി പൊടിച്ച് എടുക്കുക.
പൊടിച്ച പഞ്ചസാരയും അരിച്ച കടലപ്പരിപ്പും കൂടി ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി വരട്ടിയെടുക്കുക. ഇത് പത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്തു വരട്ടുക. ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കുക.
ചൂടാറി കഴിയുമ്പോൾ കൈയിൽ അൽപം നെയ്യ് തടവി നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക.
തയാറാക്കിയ മൈദ മാവിൽ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകൾ എടുക്കുക. ഇത് കൈയിൽ വച്ച് മെല്ലെ പരത്തുക. കടലപ്പരിപ്പ് ഉരുളകൾ ഇതിലേക്കു വച്ച് നന്നായി പൊതിഞ്ഞെടുക്കുക.
അൽപം അരിപ്പൊടി വിതറിയശേഷം കനംകുറച്ച് പരത്തി എടുക്കുക.
ദോശക്കല്ല് ചൂടാക്കി ചപ്പാത്തി ചുടുന്നതുപോലെ ബോളി ചുട്ടെടുക്കാം. രണ്ടുവശത്തും നെയ്യ് പുരട്ടി കൊടുക്കണം.