
തമിഴ്നാട്ടിനെ രുചി വൈവിധ്യത്താൽ ലോക പ്രശസ്തമാക്കിയ, പാചക വിഭവമാണ് ചെട്ടിനാട് ചിക്കൻ കറി. അതിന്റെ രുചിയുടെ പെരുമതന്നെയാണ് പ്രശസ്തിയാർജ്ജിക്കാൻ കാരണം. ചെട്ടിനാട് ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ :
പട്ട - ഒരു ചെറിയ കഷ്ണം
ഗ്രാമ്പു - 6-7 എണ്ണം
ജാതിക്ക - ഒരു ചെറു കഷ്ണം
പെരുംജീരകം - 1/2 ടീ സ്പൂൺ
ജീരകം - 3/4 ടീ സ്പൂൺ
വറ്റൽ മുളക് -6-7 എണ്ണം
കുരുമുളക് -1 ടീ സ്പൂൺ
കൊത്ത മല്ലി - 1 ടേബിൾ സ്പൂൺ
ഇവയെല്ലാം കൂടി ഒരു ചീന ചട്ടിയിൽ ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. അതിലേക്ക് തേങ്ങ ചിരികിയത് കൂടി ചേർത്ത് ബ്രൗൺ നിറം ആകും വരെ വറുക്കുക. ഈ വറുത്തെടുത്ത ചേരുവകൾ പൊടിച്ചെടുക്കുക.
കോഴി - 1 കിലോഗ്രാം (നന്നായി കഴുകി കഷ്ണങ്ങളാക്കിയത് )
മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
നാരങ്ങാ നീര് - 1 ടേബിൾ സ്പൂൺ
ഉപ്പ് - 1 ടീ സ്പൂൺ
കോഴി ഒരു പാത്രത്തിലിട്ട് അതിലേക്ക് മഞ്ഞൾപ്പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ കലർത്തി നന്നായി തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
ചെറിയ ഉള്ളി - 150 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
തക്കാളി - 1 എണ്ണം (കഷ്ണങ്ങളാക്കിയത് )
ചീനചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഇട്ട് 5 മിനിറ്റ് വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിയ കോഴിയും പൊടിച്ചെടുത്ത മസാലകളും ഉപ്പും ചേർത്തിളക്കി അടച്ച് വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക.