
ശർക്കരയും നെയ്യും ചേർത്ത മധുരപായസം നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് തയ്യാറാക്കുന്നത്. വിജയദശമി ദിവസം പൂജാ പ്രസാദമായി നെയ്യ് പായസം തയ്യാറാക്കാം.
ചേരുവകൾ
പച്ചരി / ഉണക്കലരി - 1 കപ്പ്
ശർക്കര ഉരുക്കിയത് - 1 1/2 കപ്പ്
നാളികേരം - 1 ചെറിയ കപ്പ്
നേന്ത്രപ്പഴം - ഒരെണ്ണം ചെറുതാക്കി നുറുക്കിയത്
നെയ്യ് - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി പ്രഷർ കുക്കറിൽ ഇടുക. അതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
ഒരു ഉരുളിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി വേവിച്ചു വച്ച അരി ചേർത്ത് നന്നായി ഇളക്കുക.
അതിലേക്കു ശർക്കര ഉരുക്കിയത് ചേർത്തു ഇളക്കുക. നിർത്താതെ ഇളക്കി കൊടുക്കണം. മുക്കാൽ ഭാഗം കുറുകി വന്നാൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി നന്നായി കുറുക്കി എടുക്കുക.
പായസം നല്ല കട്ടിയായി വന്നാൽ അതിലേക്കു നാളികേരം, പഴം നുറുക്കിയത് എന്നിവ ചേർത്തിളക്കി ഇറക്കാം. ശേഷം കാൽ ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക.