

വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡലകാലമെത്തി. ഒരു മണ്ഡലകാലത്തിനു കൂടി ഇന്നു തുടക്കമാകുമ്പോൾ ഹൈന്ദവ ഭവനങ്ങളിലെ വീട്ടമ്മമാർക്ക് വലിയ ആശങ്കയാണ് ഉണ്ടാകുന്നത്. കാരണം, ശബരിമല വ്രതം നോൽക്കുന്നവർക്ക് വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ. അങ്ങനെയങ്കിൽ, 'ഇന്ന് എന്ത് കറിയുണ്ടാക്കും?' എന്ന ആവലാതി എല്ലാ വീട്ടമ്മമാർക്കും ഉണ്ടാകും. ഈ വ്രതകാലത്ത് ഉണ്ടാക്കാൻ ചില വെജിറ്റേറിയൻ കറികൾ നോക്കാം.
'തീയൽ' മലയാളികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. ചുവന്നുള്ളി ചേർത്ത സ്ഥിരം തീയൽ മാത്രമല്ല, രുചി ഭേദത്തിനായി വെണ്ടയ്ക്ക, പാവക്ക, വഴുതനങ്ങ തുടങ്ങിയവയും ചേർക്കാവുന്നതാണ്. എന്നാൽ, മിക്കവർക്കും കഴിക്കാൻ മടിയുള്ള പച്ചക്കറികളാണ് പാവക്കയും, വഴുതനങ്ങയും. ഒരു തവണ വഴുതനങ്ങ തീയൽ തയ്യാറാക്കി നോക്കൂ. ഇതിന്റെ രുചിയറിഞ്ഞാൽ പിന്നെ എല്ലാദിവസവും ഉണ്ടാക്കും.
ചേരുവകൾ
വഴുതനങ്ങ
ചുവന്നുള്ളി
പച്ചമുളക്
ഇഞ്ചി
തേങ്ങ
ജീരകം
വാളൻപുളി
മുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
വറ്റൽമുളക്
കടുക്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ\
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് ഒരു പിടി ചുവന്നുള്ളി ചേർത്തു വഴറ്റുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, കറിവേപ്പിലയും ചേർത്തിളക്കുക.
അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങൾ ചേർത്തിളക്കി അടച്ചു വച്ച് വേവിക്കുക.
മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി, അതിലേക്ക് ചെറിയ കഷ്ണം കായം ചേർത്ത് ഒപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കി വറുക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ, തീ കുറച്ചുവച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് അൽപ്പം കടുക് പൊട്ടിക്കുക. വറ്റൽമുളകും, കറിവേപ്പിലുയും, ഒരു നുള്ള് ജീരകവും ചേർത്തു വറുക്കുക. അരപ്പ് ഇതിൽ ചേർത്ത്, പുളി കുതിർത്തു വച്ചിരുന്ന വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വയ്ക്കുക.
കറി തിളച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച വഴുതനങ്ങ കഷ്ണവും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.