
പുളിയും എരിവും തേങ്ങാപ്പാലിന്റെ സ്വാദും കൂടിയാകുമ്പോൾ ചോറുണ്ണാൻ വേറെ കറിയുടെ ആവശ്യമില്ല. തൃശൂർക്കാരുടെ ഈ നാടൻ മാങ്ങാ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
പച്ചമാങ്ങ - അധികം പുളിയില്ലാത്തത്
സവാള - ഒരെണ്ണം
ചുവന്നുള്ളി - 5 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തേങ്ങാപ്പാൽ (ഒന്നാംപാൽ) - 1 കപ്പ്
തേങ്ങാപ്പാൽ (രണ്ടാംപാൽ) - 1 ½ കപ്പ്
വെളിച്ചെണ്ണ - 1 ടീസ്പൂൺ + 1 ½ ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
തയാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ ചതച്ച ഉള്ളി, ഇഞ്ചി അരിഞ്ഞത്, നീളത്തിൽ അരിഞ്ഞ മുളക്, സവാള, കറിവേപ്പില എന്നിവ ചേർക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി കൂട്ടിത്തിരുമ്മി, അരിഞ്ഞുവച്ചിരിക്കുന്ന പച്ചമാങ്ങ കൂടി ചേർത്ത് തിരുമ്മി എടുക്കുക.
ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് ഇളക്കി ചട്ടി അടുപ്പിൽ വച്ച് മീഡിയം തീയിൽ തിളപ്പിക്കുക. തുടർച്ചയായി ഇളക്കി കൊണ്ടിരിക്കണം. മാങ്ങ വെന്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്തിട്ട് ഒന്നാം പാൽ ചേർത്ത്
നന്നായി ഇളക്കി അടുപ്പത്ത് വച്ച് വീണ്ടും തുടർച്ചയായി ഇളക്കി കുറഞ്ഞ ചൂടിൽ ഒരു മിനിറ്റ് വേവിക്കുക. ഒന്നാം പാൽ ചേർത്തതിനുശേഷം വീണ്ടും തിളപ്പിക്കേണ്ട ആവശ്യമില്ല. തീ ഓഫ് ചെയ്ത് ചട്ടി ഉടനെ അടുപ്പിൽ നിന്നും മാറ്റിവയ്ക്കുക, എന്നിട്ട് കറി ഒരു മിനിറ്റ് ഇളക്കുക. ഇല്ലെങ്കിൽ കറി ചട്ടിയുടെ ചൂടിൽ തിളയ്ക്കുകയും പിരിഞ്ഞു പോകാനും സാധ്യതയുണ്ട്.
ഒരു പാൻ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ഉണക്ക മുളകും കറിവേപ്പിലയും ചേർക്കുക. ഇത് കറിയിലേക്കു ഒഴിച്ചു കൊടുക്കാം. രുചിയും മണവുമെല്ലാം കറിയിലേക്കു ഇറങ്ങുന്നതിനായി കുറച്ചുനേരം മൂടിവയ്ക്കാം.