
ചായക്കടകളിലെ ചില്ലിട്ട അലമാരയിലിരിക്കുന്ന വെട്ടുകേക്ക് കണ്ടാൽ കഴിക്കാത്തവർ ചുരുക്കം. കാലാകാലങ്ങളായി മലയാളിയുടെ നൊസ്റ്റാൾജിക് പലഹാരമാണ് ഈ വെട്ടുകേക്ക്. ഇന്ന് നാട്ടിൻപുറത്ത് മാത്രമല്ല, നഗരത്തിലെ ബേക്കറികളിലേക്കും ഫൈവ്സ്റ്റാർ മെനുവിലുമെല്ലാം താരമാണ് വെട്ടുകേക്ക്
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. എണ്ണയിൽ പൊരിച്ചെടുക്കുന്നതാണെങ്കിലും കഴിച്ചവരാരും പറയില്ല അതൊരു എണ്ണപലഹാരമാണെന്ന്. വളരെ എളുപ്പത്തിൽ വീട്ടിൽ വെട്ടുകേക്ക് ഉണ്ടാക്കാം.
ആവശ്യമായവ
മൈദ- 500 ഗ്രാം
മുട്ട-3 എണ്ണം
പഞ്ചാസാര പൊടിച്ചത്- 2 കപ്പ്
നെയ്യ്- ഒരു ടേബിൾസ്പൂൺ
എലക്കാ അഞ്ചെണ്ണം പൊടിച്ചത്
വാനില എസൻസ്- അര ടീസ് സ്പൂൺ
സോഡാപ്പൊടി- കാൽ ടീസ് സ്പൂൺ
റവ- 100 ഗ്രാം
തയാറാക്കുന്ന വിധം
മെദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാൽ, നെയ്യ്, വാനില എസൻസ്, ഏലയ്ക്കപ്പൊടി എന്നിവ കൂടി ചേർത്തിളക്കുക. ഇത് മൈദ,റവ മിശ്രിതത്തിൽ ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണികൊണ്ട് മൂടി വയ്ക്കണം.
രണ്ട് മണിക്കൂറിന് ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരകഷ്ണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റേയും ഓരോ മൂല നടുക്കുനിന്നും താഴോട്ട് പിളർത്തി പൂവിന്റെ ഇതൾ പോലെയാക്കണം. അതിനുശേഷം തിളച്ച എണ്ണയിൽ വറുത്തുകോരിയെടുക്കാം.