വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പലഹാരം. വാഴപ്പഴം, തേങ്ങ, ഏലം, ഉണക്കമുന്തിരി എന്നിവയുടെ മൃദുവായ രുചിയിൽ തയ്യാറാക്കാം മലബാറുകാരുടെ ഉന്നക്കായ.
ചേരുവകൾ
നേന്ത്രപ്പഴം - 3 എണ്ണം
നാളികേരം ചിരകിയത് - 1 കപ്പ്
നെയ്യ് - 1 ടേബിൾ സ്പൂൺ
കശുവണ്ടി - ആവശ്യത്തിന്
ഉണക്ക മുന്തിരി - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
ഏലക്കായ പൊടിച്ചത് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം രണ്ടായി മുറിച്ചു പുഴുങ്ങി എടുക്കുക. പുഴുങ്ങിയ പഴം ചെറിയ ചൂടോടെ തന്നെ തൊലിയും കുരുവും കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഉടച്ചെടുത്ത പഴം കൈ കൊണ്ട് നന്നായി കുഴച്ച് എടുക്കണം.
ഫില്ലിങ് തയാറാക്കാൻ ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് ചൂടായശേഷം നെയ്യ് ചേർത്ത് കൊടുക്കാം. നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് ഒന്നു യോജിപ്പിച്ച ശേഷം ഉണക്ക മുന്തിരിയും ചേർത്തു ഫ്രൈ ചെയ്യുക. ഇതിലേക്കു നാളികേരം ചിരകിയത് ചേർത്തു മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള പഞ്ചസാര നാളികേരത്തിലേക്കു ചേർത്ത് കൊടുക്കാം. കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് ഇളക്കി നാളികേരം ഒന്ന് ഡ്രൈ ആയാൽ തീ ഓഫ് ചെയ്യാം.
ഉന്നക്കായ തയാറാക്കാൻ കൈയിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവുക. കുഴച്ചു വച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടിയ ശേഷം കൈ വെള്ളയിൽ വച്ച് പരത്തുക. പരത്തിയതിന്റെ നടുവിലായി ഫില്ലിങ് ആവശ്യത്തിന് വച്ച ശേഷം മടക്കാം. ഇനി കൈ കൊണ്ട് വശങ്ങൾ ഒട്ടിച്ചു കൊടുക്കാം. എന്നിട്ടു രണ്ടു കൈയും ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പാക്കി എടുക്കണം. ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് ചായയോടൊപ്പം ചൂടോടെ കഴിക്കാം.