നോൺ വെജ് വിഭവങ്ങളിൽ സ്പെഷൽ - പോർക്ക് പെരട്ട് | Pork Perattu

ആഘോഷവേളകളിൽ നോൺ വെജ് വിഭവങ്ങളിൽ സ്പെഷലായി തയാറാക്കുന്ന ഒന്നാണ് പോർക്ക് പെരട്ട്.
Image Credit : Social Media
Published on

ആഘോഷവേളകളിൽ നോൺ വെജ് വിഭവങ്ങളിൽ സ്പെഷലായി തയാറാക്കുന്ന ഒന്നാണ് പോർക്ക് പെരട്ട്. ചോറ്, ചപ്പാത്തി, പുട്ട്, അപ്പം, ദോശ, കപ്പ തുടങ്ങി എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന ഒരു വിഭവമാണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ചേരുവകൾ

പോർക്ക് - ഒരു കിലോഗ്രാം

മഞ്ഞൾ, ഉപ്പ്, വിനാഗിരി - രണ്ടു ടേബിൾസ്പൂൺ

സവാള - 2 നീളത്തിൽ അരിഞ്ഞത്

ഇഞ്ചി - കാൽ കപ്പ്

വെളുത്തുള്ളി - കാൽ കപ്പ്

പച്ചമുളക് - രണ്ടെണ്ണം (എരിവിന് ആവശ്യത്തിന്)

കാശ്മീരി മുളകുപൊടി - മുക്കാൽ ടേബിൾസ്പൂൺ

മുളകുപൊടി - ഒരു ടേബിൾസ്പൂൺ

മല്ലിപ്പൊടി - അര ടേബിൾസ്പൂൺ

കുരുമുളകുപൊടി - അര ടേബിൾസ്പൂൺ

ഗരംമസാല - അര ടേബിൾസ്പൂൺ

പെരുംജീരകം പൊടിച്ചത് - കാൽ ടേബിൾസ്പൂൺ

ഏലക്കായ - രണ്ടെണ്ണം

ഗ്രാമ്പു - നാലെണ്ണം

പട്ട - ഒരു ഇഞ്ചിന്റെ മൂന്നെണ്ണം

തേങ്ങാക്കൊത്ത്‌ - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഇറച്ചി കാൽ ടേബിൾസ്പൂൺ മഞ്ഞളും രണ്ടു ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് വെള്ളത്തിൽ കുറച്ചു സമയം വയ്ക്കുക. 15 മിനിറ്റിനു ശേഷം വൃത്തിയായി കഴുകി ചെറുതായി മുറിച്ചെടുക്കുക. മൂന്നാലു തവണ കഴുകി വെള്ളം നന്നായി കളഞ്ഞു കുക്കറിലേക്കു മാറ്റുക.

അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ വീതം മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മുക്കാൽ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. ഇതിലേക്ക് പകുതി വീതം അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും ചേർത്ത് അടച്ചു വച്ച് വേവിക്കുക. ഇടത്തരം തീയിൽ കുറഞ്ഞത് മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. ഇറച്ചി ഒരു എൺപതു ശതമാനം വെന്താൽ മതി. ബാക്കി പാനിൽ വേവിച്ചാൽ മതിയാകും.

ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കൊത്തിവെച്ചിരിക്കുന്ന തേങ്ങാ മൂപ്പിച്ചെടുക്കുക. ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റിയെടുക്കുക. സവാള നിറം മാറാൻ തുടങ്ങുമ്പോൾ അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി, ഗരംമസാല, പെരുംജീരകം എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. കറിവേപ്പിലയും ചേർത്തിളക്കുക. കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്ക് ചേർത്ത് യോജിപ്പിക്കാം. ഏലക്കായ, പട്ട, ഗ്രാമ്പു എന്നിവ പൊടിച്ചു ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് പാൻ മൂടിവെച്ചു പതിനഞ്ചു മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. ചാറു കുറുകി വരുമ്പോഴേക്കും ഇറച്ചി നന്നായി വെന്തു വരും. നന്നായി ഫ്രൈയാകാൻ മൂടി തുറന്നു വച്ച് ഏകദേശം മുപ്പതു മിനിറ്റോളം ചെറിയ തീയിൽ വേവിക്കുക. പോർക്ക് നന്നായി മൊരിഞ്ഞു വരുമ്പോൾ അര ടീസ്പൂൺ പെരുംജീരകപ്പൊടിയും വേണമെങ്കിൽ കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. കറിവേപ്പിലയും ചേർത്ത് ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇറക്കാം.

Related Stories

No stories found.
Times Kerala
timeskerala.com