

കുട്ടികളുടെ വളർച്ചക്ക് ഏറ്റവും മികച്ചതാണ് പനീർ വിഭവങ്ങള്‍. പനീറിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു. ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാലും ആരോഗ്യകരമായ കൊഴുപ്പുള്ളതിനാലും കുട്ടികൾക്ക് പനീർ വിഭവങ്ങള്‍ നൽകണം. പനീര്‍ മസാല തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
മാരിനേഷനു വേണ്ടി
പനീര്‍ - 250 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
ഗരം മസാല പൊടി - 1/4 ടീസ്പൂൺ
മസാലയ്ക്ക്
ജീരകം - 1/2 ടീസ്പൂൺ
വഴനയില - 1
കറുവാപ്പട്ട - 2 ചെറിയ കഷണം
ഗ്രാമ്പൂ - 3-4
ഏലക്ക - 3-4
സവാള - 2
തക്കാളി - 2
പച്ചമുളക് - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 / 4 ടീസ്പൂൺ
ജീരകം പൊടിച്ചത് - 1/ 4 ടീസ്പൂൺ
കസൂരി മേത്തി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഫ്രഷ് ക്രീം - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില- കുറച്ച്
തിളപ്പിച്ച വെള്ളം - 1 1/4 കപ്പ്
കടല മാവ് - 1 ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം :
ആദ്യം പനീർ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് എങ്കിലും മാറ്റി വയ്ക്കുക. സവാള പൊടിയായി അരിഞ്ഞെടുക്കുക. തക്കാളിയും ഒരു പച്ചമുളകും മിക്സിയില്‍ അടിച്ചെടുക്കുക. കടല മാവ് ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കുക.
ഒരു പാന്‍ സ്റ്റൗവില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ഒഴിച്ച് ജീരകം, വഴനയില, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ ഒരു മിനിറ്റ് വഴറ്റുക. അതിനുശേഷം സവാള വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിന്റെ പച്ച മണം മാറുമ്പോള്‍ മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഗരം മസാല പൊടിയും ജീരകം പൊടിച്ചതും ചേർക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് നന്നായി വഴറ്റുക. ശേഷം ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റിവച്ച കടല മാവ് ചേര്‍ത്ത് ഒന്നു കൂടി വഴറ്റി ചെറിയ തീയില്‍ 4-5 മിനിറ്റ് അടച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
ഈ സമയത്ത് പനീർ കഷ്ണങ്ങൾ വറുത്ത് മാറ്റി വയ്ക്കുക.
തക്കാളി നന്നായി വഴന്നു കഴിഞ്ഞാല്‍ കുറച്ച് കുറച്ചായി തിളച്ച വെള്ളവും ഉപ്പും കസൂരി മേത്തിയും ചേർത്ത് തിളച്ച് തുടങ്ങുമ്പോള്‍ വറുത്ത പനീർ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. ഇനി 4-5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അതിനുശേഷം ഫ്രഷ് ക്രീമും മല്ലിയിലയും പച്ചമുളകും ചേർക്കുക. പനീർ മസാല റെഡി.