
ഓണവിഭവങ്ങളിൽ പ്രധാനമാണ് പച്ചടി. വളരെ സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ പച്ചടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമുള്ളവ:
വെള്ളരിക്ക – 1 കിലോ
സവോള – 250 ഗ്രാം
പച്ചമുളക് – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
തേങ്ങ – രണ്ട് എണ്ണം
കടുക് – 25 ഗ്രാം
കശുവണ്ടി പൊടി – 100 ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
ഉലുവ – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – 1 പിടി
തൈര് – ഒന്നര ലിറ്റർ
തയ്യാറാക്കുന്നവിധം
വെള്ളരിക്ക പൊടിയായി അരിയുക.
കശുവണ്ടിപ്പൊടി ചൂട് വെള്ളത്തിൽ ഇട്ട് കുതിർത്ത് അരച്ചെടുക്കുക.
തേങ്ങ കടുക് ചേർത്ത് അരച്ച് എടുക്കുക.
ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞ് വയ്ക്കുക.
ഒരു ചെറിയ ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച ഇഞ്ചി, സവാള, പച്ചമുളക് എന്നിവ ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ അൽപം കറിവേപ്പില ഇട്ട് ഇളക്കുക. അതിലേയ്ക്ക് അരിഞ്ഞു വെച്ച വെള്ളരിക്ക ഇട്ട് അൽപം വെള്ളവും കൂടി ചേർത്ത് വേവിക്കുക. വെന്ത ശേഷം അരച്ചു വച്ച കശുവണ്ടി പൊടി, തേങ്ങാ മിശ്രിതം ചേർത്ത് ഒന്നൂടെ വേവിക്കുക. അതിലേയ്ക്ക് തൈര് ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്തതിന് ശേഷം തിളയ്ക്കുവാൻ പാടില്ല. ചെറുതായി ചൂടായാൽ മതി. അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവായും കറിവേപ്പിലയും വറ്റൽമുളകും ഇട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിയ്ക്കുക.