
കുട്ടികൾക്കും മുതിര്ന്നവർക്കും ഒരുപോലെ കഴിക്കാവുന്ന എനർജി നിറഞ്ഞ പോഷക ഗുണമുള്ള പലഹാരം. ഈന്തപ്പഴ ലഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
ഈന്തപ്പഴം - 250 ഗ്രാം
കടല - 150 ഗ്രാം
അണ്ടിപ്പരിപ്പ് - 150 ഗ്രാം
ബദാം - 150 ഗ്രാം
ഏലയ്ക്ക - 6 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
നെയ്യ് - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഈന്തപ്പഴത്തിലേക്കു തിളച്ച വെള്ളം ഒഴിച്ച് ഇരുപതു മിനിറ്റ് കുതിർക്കാം. ഈ സമയത്ത് അണ്ടിപരിപ്പും ബദാമും പൊടിച്ചെടുക്കാം. ഇനി കടല തൊലി കളഞ്ഞതിനു ശേഷം പൊടിച്ചെടുക്കാം. ഇതിനുശേഷം പഞ്ചസാരയും ഏലക്കായയും ഒരുമിച്ച് പൊടിക്കാം.
കുതിർത്ത ഈന്തപ്പഴം കുരു കളഞ്ഞതിനു ശേഷം അരച്ചെടുക്കണം.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് അതിലേക്ക് ആദ്യം ബദാം ചേർത്തിളക്കാം. ഇതിലേക്കു കടലപ്പൊടിയും അണ്ടിപ്പരിപ്പു പൊടിയും പഞ്ചസാര – ഏലയ്ക്ക പൊടിയും ചേർത്തു നന്നായി ഇളക്കി വറുക്കണം. ശേഷം അരച്ചു വച്ച ഈന്തപ്പഴം ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. അതിനുശേഷം ഇത് തണുക്കാൻ വയ്ക്കാം. ചെറിയ ചൂടോടെ കൈ കൊണ്ടു നന്നായി കുഴച്ചു ഉരുട്ടി എടുക്കാം.