
ഭക്ഷ്യയോഗ്യമായ കൂണുകൾക്ക് പലതരം ഗുണങ്ങളുണ്ട്. പ്രോട്ടീൻ, വിറ്റാമിനുകൾ ബി , സി , ഡി , കാൻസർ തടയാൻ സഹായിക്കുന്ന സെലിനിയം എന്നിവയുൾപ്പെടെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ പോഷകങ്ങൾ ഇവയിലുണ്ട്. ഇരുമ്പ്, ചെമ്പ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുടെ നല്ല ഉറവിടമാണ് കൂൺ. ഒരു പോർട്ടോബെല്ലോ കൂണിൽ ഒരു വാഴപ്പഴത്തേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിരിക്കും. കൂടാതെ ഭക്ഷണ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
കൂൺ കൊണ്ടുള്ള കറികൾക്ക് പ്രത്യേക രുചിയാണ്. കൂൺ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ:
ബട്ടൺ മഷ്‌റൂം, സവാള ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, തക്കാളി, തേങ്ങാക്കൊത്ത്, മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല, തേങ്ങാപാൽ, കടുക്, കറിവേപ്പില, വെള്ളം, വെളിച്ചെണ്ണ, ഉപ്പ്.
പാചകം ചെയ്യുന്ന വിധം:
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് ഇട്ടു വഴറ്റുക ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും, ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ഇട്ടു വഴറ്റുക. അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ഈ കൂട്ടിലേക്കിട്ടു നന്നായി വഴറ്റി പേസ്റ്റ് പരുവത്തിലാക്കുക.
ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക എന്നിട്ട്, കൂൺ ഇട്ടു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വെക്കുക. കൂൺ വെന്തു കഴിയുമ്പോൾ, തേങ്ങാപാൽ ഒഴിച്ച് നന്നായി ഇളക്കുക. ചൂടായി കഴിയുമ്പോൾ ഇറക്കാം. തിളയ്ക്കാൻ പാടില്ല.