നാടൻ മാങ്ങകൊണ്ട് അതീവ രുചിയിൽ മാമ്പഴ പുളിശ്ശേരി | Maambazha Pulisheri

കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടമുള്ള ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി
Maambazha Pulisheri
Published on

കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടമുള്ള ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. ഈ കറി മാത്രം മതി ചോറുണ്ണാൻ. മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

നല്ലപഴുത്ത മാങ്ങ

മുളകുപൊടി 1/2 ടീസ്പൂൺ

മഞ്ഞള്‍ പൊടി 1/4 ടീസ്പൂൺ

പച്ചമുളക് കീറിയത് 3 എണ്ണം

ഉപ്പ് ആവശ്യത്തിന്

അരപ്പ് തയ്യാറാക്കാൻ

തേങ്ങ ചിരകിയത് 1 മുറി

ചെറിയ ഉള്ളി 2 എണ്ണം

ജീരകം ഒരു നുള്ള്

തൈര് - 1 കപ്പ് (അധികം പുളിയില്ലാത്തത്).

താളിക്കുന്നതിന്

കടുക് 1/2 ടീസ്പൂൺ

ഉലുവ 1/4 ടീസ്പൂൺ

ജീരകം 1/4 ടീസ്പൂൺ

വറ്റല്‍മുളക് 4 എണ്ണം

കറിവേപ്പില

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി തോലു കളഞ്ഞ മാമ്പഴം പാചകം ചെയ്യുന്ന പാത്രത്തിലെടുത്ത് വെള്ളം ഒഴിയ്ക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക് കീറിയത്, ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ചു വേവിയ്ക്കുക.

മാമ്പഴം വേവുന്ന സമയം കൊണ്ടു തേങ്ങയും ചെറിയ ഉള്ളിയും തൈരും ചേര്‍ത്ത് നന്നായി അരയ്ക്കുക..കട്ട തൈരാണ് നല്ലത്. (മാമ്പഴം വേവിയ്ക്കുന്നതിനു വെള്ളം ചേര്‍ക്കുന്നതിനാല്‍ അരപ്പില്‍ കൂടുതല്‍ വെള്ളമാവാതെ ശ്രദ്ധിക്കണം.)

മാങ്ങയിലേക്ക് ഈ അരപ്പ് ചേര്‍ത്ത് ചെറു തീയില്‍ ചൂടാകുന്നതുവരെ നന്നായി തവികൊണ്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കില്‍ തൈര് ചേര്‍ത്തിട്ടുള്ളതിനാല്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയും കടുകും ഉലുവയും ജീരകവും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു താളിച്ച് കറിയിലേയ്ക്കു ഒഴിച്ച് അടച്ചു വെയ്ക്കുക. മാമ്പഴ പുളിശ്ശേരി തയ്യാര്‍.

Related Stories

No stories found.
Times Kerala
timeskerala.com