മലബാറുകാരുടെ കർക്കടക സ്‌പെഷ്യൽ കോഴിമരുന്നും ജീരകക്കോഴി സൂപ്പും | Kozhimarunnu

കർക്കടക കഞ്ഞിയും ഔഷധക്കഞ്ഞിയും പത്തിലക്കറികളും കഴിക്കുന്നതാണ് മലയാളികളുടെ ശീലം
Image Credit: Social Media
Published on

ഇടമുറിയാതെ പെയ്യുന്ന പെരുമഴക്കാലമാണ് കർക്കടകം. സുഖചികിൽസയുടെ കാലം കൂടിയാണിത്. പലരും ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന കാലം. പണ്ടുകാലത്ത് ചെലവേറിയ ഇത്തരം ചികിൽസകളൊന്നും സാധാരണക്കാർക്കു താങ്ങാനാകുമായിരുന്നില്ല. കർക്കടക കഞ്ഞിയും ഔഷധക്കഞ്ഞിയും പത്തിലക്കറികളും കഴിക്കുന്നതാണ് മലയാളികളുടെ ശീലം.

എന്നാൽ, മലബാറിൽ പണ്ടുകാലത്ത് ഇത്തരം ശീലങ്ങളുണ്ടായിരുന്നില്ല. രുചിക്കൂട്ടുകൾപോലെ കർക്കടകക്കാല രുചികളിലും മലബാറുകാർ വ്യത്യസ്തരാണ്.

കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ കഴിക്കുന്നത് കോഴി മരുന്നാണ്. നാടൻ പച്ചമരുന്നുകളും സമൂലം കൊത്തിയരിഞ്ഞ ചെടികളുമൊക്കെയിട്ടാണ് കോഴി മരുന്ന് തയാറാക്കുന്നത്. ഇപ്പോൾ നാട്ടുവൈദ്യൻമാരുടെ കടകളിൽ കോഴിമരുന്ന് തയാറാക്കാനുള്ള ഔഷധക്കൂട്ട് ലഭിക്കും.

കൃത്യമായ അളവിൽ മരുന്നും നല്ല നാടൻകോഴിയും ചേർത്ത് വേവിച്ചെടുത്ത് പഥ്യം പാലിച്ച് കഴിച്ചാൽ ഒരു വർഷം മുഴുവൻ പിടിച്ചുനിൽക്കാനുള്ള ആരോഗ്യം സ്ത്രീകൾക്ക് ലഭിക്കുമെന്നാണു പഴയകാലത്തെ വിശ്വാസം. കോഴിമരുന്നു പോലെ പണ്ടു കോഴിക്കോട്ടെ ഗ്രാമങ്ങളിൽ കർക്കടകത്തിൽ കഴിച്ചിരുന്നതാണു ജീരകക്കോഴി സൂപ്പ്. കോഴിമരുന്നു സ്ത്രീകൾ‍ മാത്രമാണു കഴിച്ചിരുന്നതെങ്കിൽ കോഴി സൂപ്പ് എല്ലാവരും കഴിക്കാറുണ്ട്

Image Credit: Google

കോഴിമരുന്ന്

ഒരു കോഴിക്കുള്ള കോഴി മരുന്ന് നാട്ടുവൈദ്യൻമാരുടെ കടയിൽനിന്നു വാങ്ങിക്കാം. മരുന്നുണ്ടാക്കുന്നതിന്റെ തലേദിവസം കുറുന്തോട്ടി, കരിങ്കുറിഞ്ഞി ഇവ കഷായം വെയ്ക്കുക. കലത്തിൽ ഇരട്ടി വെള്ളം വെച്ചു കുറുക്കിയെടുത്താണു കഷായുമുണ്ടാക്കേണ്ടത്. ഇത് അരിച്ചെടുത്തു വെയ്ക്കണം. മുട്ടയിടാറായ നാടൻ പിടക്കോഴി വൃത്തിയാക്കി കഴുകി ചെറുതാക്കി കൊത്തി അറിയണം. കഷായത്തിൽ കോഴിമരുന്നും കോഴിയും ചേർത്തു നന്നായി വേവിക്കുക. വെള്ളം പകുതി വറ്റുമ്പോൾ ഒരുകിലോ ചെറിയ ഉള്ളി, കുറച്ച് ഇന്തുപ്പ്, 200 മില്ലി ലിറ്റർ എള്ളെണ്ണ, കുറച്ചു നെയ്യ് എന്നിവ ചേർത്തു നന്നായി ഇളക്കി വറ്റിച്ച് എണ്ണ ഊറിവരുന്ന പരുവത്തിൽ വാങ്ങിവെക്കുക. ഇതാണു കോഴിമരുന്ന്.

ഇത്രയും മരുന്ന് ഒരാൾ മൂന്നുദിവസം കഴിക്കണം. മരുന്നു കഴിക്കുമ്പോൾ വെള്ളംകുടിക്കാൻ പാടില്ല. കഴിക്കുന്ന ദിവസങ്ങളിൽ വിശ്രമം അത്യാവശ്യമാണ്.

Image Credit: Google

ജീരകക്കോഴി സൂപ്പ്

മുട്ടയിടാറായ ഒരു നാടൻകോഴിയെ കഴുകി വൃത്തിയാക്കി ചെറുതായി കൊത്തിമുറിക്കുക. ഒരു നാളികേരം ചിരവി പിഴിഞ്ഞ് ആദ്യത്തെ പാൽ മാറ്റിവെക്കണം. രണ്ടാം പാലിൽ കോഴി നന്നായി വേവിക്കുക. ഇറച്ചിയിൽനിന്ന് എല്ല് വേർപെടുത്തി വയ്ക്കുക. എല്ലു കുടഞ്ഞു മജ്ജ എടുത്ത് ഇറച്ചിയുടെ കൂടെയിട്ട് ആവശ്യത്തിന് ഇന്തുപ്പ്, നൂറു ഗ്രാം ജീരകം അരച്ചതും 50 ഗ്രാം കുരുമുളക് പൊടിച്ചതും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക. തേങ്ങയുടെ ഒന്നാം പാൽ ചേർത്തു നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. ചെറിയ ഉള്ളി ചെറുതായരിഞ്ഞ് നെയ്യിൽ മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക. ഒരു കോഴിയെ ഒരാൾ കഴിക്കണമെന്നാണു നിയമം.

Related Stories

No stories found.
Times Kerala
timeskerala.com