
മലയാളികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് പുട്ട്. പുട്ടും പഴവും, പപ്പടവും കടലക്കറിയും അങ്ങനെ എന്ത് ചേർത്ത് കഴിക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. വ്യത്യസ്തമായ രുചിയിൽ തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്ത് പുട്ട് തയാറാക്കാം. മലബാറുകാരുടെ സ്‌പെഷ്യൽ ഐറ്റമാണ് ഈ ഇറച്ചിപ്പുട്ട്.
ചേരുവകൾ:
അരി പൊടി - 2 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
ചിരകിയ തേങ്ങ - 1 1/2 കപ്പ്
മസാലയ്ക്ക് വേണ്ടി:
ചിക്കൻ - 350 ഗ്രാം (കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.)
സവാള - 2 ഇടത്തരം
പച്ച മുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
തക്കാളി - 1 /2
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കറി വേപ്പില
മല്ലി ഇല
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാലപൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം :
ആദ്യം പുട്ടിനു കുഴയ്ക്കുന്ന പോലെ അരിപൊടി കുഴച്ചു മാറ്റിവയ്ക്കുക.
ശേഷം ഇറച്ചി കുക്കറിൽ ഇട്ടു നന്നായി വേവിക്കുക .ചൂടറിയതിനു ശേഷം ഇറച്ചി ചെറുതാക്കിയിടുക.
ഒരു പാൻ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള ഇടുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കളർ മാറി വരുമ്പോൾ പൊടികൾ ചേർക്കാം. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ഇടുക. തക്കാളി നല്ലതുപോലെ വെന്തശേഷം ഇതിലേക്ക് ഇറച്ചി ചേർത്ത് ഇളക്കുക.
ശേഷം പുട്ടുകുറ്റിയിൽ പുട്ടുപൊടി, ചിക്കൻ തേങ്ങാ എന്നിവയും നിറച്ചു ആവി കയറ്റുക. ഇറച്ചി പുട്ട് റെഡി.