മലബാർ സ്‌പെഷ്യൽ തേങ്ങയരച്ച മീൻ കറി | Coconut Fish Curry

തേങ്ങയരച്ചു തയാറാക്കുന്ന ഈ മീൻകറിക്ക് സ്വാദും കൊഴുപ്പും കൂട്ടാൻ ചില പൊടിക്കൈകൾ പ്രയോഗിക്കണം
Image Credit: Google
Published on

ചോറിനും കപ്പയ്ക്കുമൊപ്പം കഴിക്കാൻ അതീവ രുചിയിൽ ഒരു മീൻകറി. തേങ്ങയരച്ചു തയാറാക്കുന്ന ഈ മീൻകറിക്ക് സ്വാദും കൊഴുപ്പും കൂട്ടാൻ ചില പൊടിക്കൈകൾ പ്രയോഗിക്കണം. ഈ കറിക്ക് ദശക്കട്ടിയുള്ള മീൻ തന്നെ വേണം. അപ്പോൾ നാവിൽ കപ്പലോടും രുചിയിൽ മീൻകറി തയ്യാറാക്കിയാലോ .

ചേരുവകൾ

നെയ്മീൻ/ വറ്റ, ആവോലി, ചൂര, പാര ഇവയിൽ ഏതെങ്കിലും ഒന്ന് – 1 കിലോ

വെളിച്ചെണ്ണ – 50 മില്ലി

ഉലുവ– 8 ഗ്രാം

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 20 ഗ്രാം

ചെറിയുള്ളി അരിഞ്ഞത് – 10 എണ്ണം

കറിവേപ്പില – കുറച്ച്

പച്ചമുളക് – 3 എണ്ണം

തക്കാളി അരിഞ്ഞത് – 4 എണ്ണം

ഉപ്പ് – ആവശ്യത്തിന്

കാശ്മീരി മുളകുപൊടി – 20 ഗ്രാം

എരിവുള്ള മുളകു പൊടി – 15 ഗ്രാം

മഞ്ഞൾപൊടി – 10 ഗ്രാം

പുളി– നാരങ്ങ വലിപ്പത്തിൽ (കുടംപുളിയും ചേർക്കാം)

മീൻ തലയും മുള്ളും ചേർത്ത് തിളപ്പിച്ച് അരിച്ച വെള്ളം – ഗ്രേവിക്ക് ആവശ്യത്തിന്

തേങ്ങ അരച്ചത് – പകുതി തേങ്ങ

കുരുമുളക് പൊടി – 8 ഗ്രാം

പെരുംജീരകം പൊടി– 8 ഗ്രാം

താളിക്കാൻ

വെളിച്ചെണ്ണ – 20 മില്ലി

ചെറിയുള്ളി അരിഞ്ഞത്

കറിവേപ്പില

കശ്മീരി മുളകുപൊടി – 5 ഗ്രാം

തയാറാക്കുന്ന വിധം

ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഉലുവയിട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഇതിൽ ഇഞ്ചിയും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റണം. അതിലേക്കു ചുവന്നുള്ളിയും തക്കാളിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി നന്നായി വെന്ത് ഉടയുന്നതുവരെ വഴറ്റിയെടുക്കണം. ശേഷം തീ കുറച്ച് അതിലേക്ക് ഒന്നര സ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്തിളക്കി പിഴിഞ്ഞു വച്ചിരിക്കുന്ന പുളി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

കൂടുതൽ രുചിക്കായി മീനിന്റെ തലയും മുള്ളും മഞ്ഞൾപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് അരിച്ചെടുത്ത വെള്ളമാണ് ചാറിനായി ഉപയോഗിക്കുന്നത്. ഈ വെള്ളം മസാലയിലേക്ക് ഒഴിക്കുക. ഈ ചേരുവകൾ നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ കഴുകി വൃത്തിയാക്കിയ മീൻ ചേർത്തു കൊടുക്കണം.

ചെറിയ ചൂടിൽ മീൻ നന്നായി വെന്തുവരുന്ന പരുവത്തിൽ അരച്ച തേങ്ങ ചേർത്ത് (കറിക്ക് രുചി കൂടാൻ തേങ്ങാ നല്ലതുപോലെ അരക്കണം), മീൻ ഉടയാത്ത പരുവത്തിൽ ഇളക്കിക്കൊടുക്കുക. അതിലേക്ക് കുറച്ചു കുരുമുളകുപൊടിയും പെരുംജീരകപ്പൊടിയും ചേർത്ത് തീ അണയ്ക്കണം.

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറുതായരിഞ്ഞ ചുവന്നുള്ളി ചേർത്ത് അതിലേക്ക് കറിവേപ്പിലയിട്ടു നന്നായി വഴറ്റി ഉള്ളി മൂത്തു വരുന്ന പരുവത്തിൽ മീൻ കറിയിലേക്ക് ഒഴിച്ചു കൊടുക്കണം. മീൻ കറിയുടെ ഉപ്പും പുളിയും നോക്കി ചട്ടി നന്നായി ചുറ്റിച്ച് കുറഞ്ഞത് ഒരു മണിക്കൂർ തണുക്കാനായി വയ്ക്കണം.

Related Stories

No stories found.
Times Kerala
timeskerala.com