

ആർക്കും വലിയ താല്പര്യമില്ലാത്ത ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. നമ്മുടെ അടുക്കളയിലെ ഏറ്റവും വിലകുറഞ്ഞതും എന്നാൽ ഏറ്റവുമധികം പോഷകഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളങ്ങ കൊണ്ടുള്ള വിഭവങ്ങളും സാധാരണ ആരും പരീക്ഷിക്കാറില്ല. എന്നാൽ, ജലാംശം, നാരുകൾ, മറ്റു ഗുണം ചെയ്യുന്ന പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് കുമ്പളങ്ങ.
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും ഹൃദയത്തെ സംരക്ഷിക്കുവാനും സഹായിക്കുന്ന ഒരു പച്ചക്കറിയാണിത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബറുണ്ട്. അതുപോലെ കാലറി വളരെ കുറവുമാണ്.
കുമ്പളങ്ങ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു തോരൻ. കുമ്പളങ്ങ കലങ്ങിപ്പോകാതെ അതീവ രുചിയിൽ തോരൻ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകൾ
കുമ്പളങ്ങ - 500 ഗ്രാം
മുളക്, കടുക്, കറിവേപ്പില - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - പാകത്തിന്
തേങ്ങ - ഒരു മുറി
ചെറിയ ഉള്ളി - 7 അല്ലി
ജീരകം - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കുക. മുളകും കടുകും കറിവേപ്പിലയും ഇട്ട് വറുത്തതില്‍ കുമ്പളങ്ങാ കഷണങ്ങള്‍ ഇട്ട് വേവിക്കുക. മഞ്ഞൾപ്പൊടി, തേങ്ങചിരകിയത്, ചെറിയ ഉള്ളി, ജീരകം എന്നിവ അരച്ചെടുത്ത് (നല്ലവണ്ണം അരക്കരുത്, പൊടിച്ചെടുത്താൽ മതിയാകും). ഇത് വെന്ത കുമ്പളങ്ങ കഷണങ്ങളില്‍ ചേര്‍ത്ത് വീണ്ടും ചൂടാക്കുക. ഇതിലെ വെള്ളം പൂർണമായി വറ്റുന്നതുവരെ പാൻ തുറന്നു വേവിക്കുക. തീ ഓഫ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് 5 മിനിറ്റ് മൂടി വയ്ക്കുക. സ്വാദിഷ്ടമായ കുമ്പളങ്ങ തോരൻ തയാർ.